ഓഹരി വിപണിയിലെ ക്രമക്കേട്: സെബി മുൻ മേധാവി മാധബി ബുച്ചിനെതിരെ കേസെടുക്കാൻ നിർദേശം
ഫെബ്രുവരി 28നാണ് മാധബി ബുച്ചിന്റെ കാലാവധി അവസാനിച്ചത്

മുംബൈ: ഓഹരി വിപണിയിലെ നിയന്ത്രണ ലംഘനങ്ങളും തട്ടിപ്പും ആരോപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ ചെയർപേഴ്‌സൻ മാധബി പുരി ബുച്ച് ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുക്കാൻ അഴിമതി വിരുദ്ധ ബ്യൂറോയോട് (എസിബി) മുംബൈ കോടതി നിർദേശിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുന്ദരരാമൻ രാമമൂർത്തി, മറ്റു നാല് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് എതിയെരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഫെബ്രുവരി 28നാണ് മാധബി ബുച്ചിെൻറ കാലാവധി അവസാനിച്ചത്. അടുത്തദിവസമാണ് കേസെടുക്കാൻ കോടതി നിർദേശം വരുന്നത്.
ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന ക്രമേക്കട് സംബന്ധിച്ച് മാധ്യമപ്രവർത്തകൻ സപൻ ശ്രീവാസ്തവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രസ്തുത കമ്പനി സാമ്പത്തികമായി ഭദ്രമാണെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വില കൃത്രിമത്വം ഉൾപ്പെടെയുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പരാതി. നിയമപരമായി പുലർത്തേണ്ട ബാധ്യത ഉണ്ടായിരിക്കെ അതെല്ലാം മറികടന്നു കോർപറേറ്റ് കമ്പനികൾക്കായി ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ട്.
‘പരാതിയിലുള്ള കാര്യങ്ങൾ പരിശോധിച്ചപ്പോൾ, ആരോപണങ്ങൾ തിരിച്ചറിയാവുന്ന കുറ്റകൃത്യമാണെന്ന് മനസ്സിലായതിനാൽ അന്വേഷണം ആവശ്യമാണെന്ന് ഈ കോടതി കണ്ടെത്തി. പ്രഥമദൃഷ്ട്യാ നിയന്ത്രണ വീഴ്ചകൾക്കും ഗൂഢാലോചനയ്ക്കും തെളിവുണ്ട്, അതിനാൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്’ -കോടതി ഉത്തരവിൽ പറയുന്നു. കേസെടുത്തു അന്വേഷണം ആരംഭിച്ച ശേഷം ആദ്യ റിപ്പോർട്ട് മുപ്പത് ദിവസത്തിനുളിൽ കോടതിയിൽ സമർപ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.
അതേസമയം, ഉത്തരവിനെതിരെ ഉചിതമായ നിയമ നടപടികൾ ആരംഭിക്കുമെന്നും എല്ലാ കാര്യങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സെബി അറിയിച്ചു. മാധബി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിസർച്ച് അടക്കം വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സെബിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനാൽ തന്നെ മാധബിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് കൂടാതെ മാധബിയുടെ കീഴിൽ സെബിയിലെ തൊഴിൽ സംസ്കാരം മോശമായി മാറിയെന്ന് ജീവനക്കാർ കഴിഞ്ഞ വർഷം ധനകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

