Quantcast

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ട്വിസ്റ്റ്; വീട്ടിൽ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങൾ പ്രതിയുടേതല്ല

ജനുവരി 15ന് പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്.

MediaOne Logo

Web Desk

  • Updated:

    2025-01-26 16:21:17.0

Published:

26 Jan 2025 3:51 PM IST

A Fingerprint Twist As Mumbai Police Probes Shock Attack On Saif Ali Khan
X

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ നടന്റെ വീട്ടിൽനിന്ന് ഫൊറൻസിക് വിഭാഗം കണ്ടെത്തിയ 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതി ശരീഫുൽ ഇസ്‌ലാമിന്റേതല്ലെന്ന് റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനയിൽ വിരലടയാളങ്ങളിൽ ഒന്നുപോലും പിടിയിലായ പ്രതിയുടേതുമായി യോജിക്കുന്നില്ലെന്ന റിപ്പോർട്ടാണ് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കിയത്.

സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗർപ്രിന്റ് ബ്യൂറോയിലാണ് പരിശോധന നടത്തിയത്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ശരീഫുൽ ഇസ്‌ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചതായും അവർ തുടർപരിശോധനകൾക്കായി കൂടുതൽ വിരലടയാളങ്ങൾ അയച്ചുതന്നതായും സിഐഡി വൃത്തങ്ങൾ പറഞ്ഞു.

ജനുവരി 15ന് പുലർച്ചെയോടെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചകയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. നടന് ആറു തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിലൊരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി നടനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

ബംഗ്ലാദേശി പൗരനായ ശരീഫുൽ ഇസ്‌ലാമിനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ തനിക്ക് പണം നൽകിയാൽ പൗരത്വരേഖകൾ നൽകാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിന് പണം കണ്ടെത്താനാണ് സെയ്ഫിന്റെ വീട്ടിൽ മോഷണത്തിന് കയറിയതെന്നുമാണ് ശരീഫുൽ ഇസ്‌ലാം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇയാൾക്ക് അനധികൃതമായി പൗരത്വരേഖകൾ വാഗ്ദാനം ചെയ്തത് ആരാണ് എന്ന അന്വേഷണത്തിലാണ് പൊലീസ്.

സംഭവത്തിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. ശരീഫുൽ ഇസ്‌ലാമിന്റെ റിമാൻഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്.

TAGS :

Next Story