Quantcast

കുംഭമേളയിലെ കോവിഡ് ടെസ്റ്റ് തട്ടിപ്പ്; കമ്പനി ഉടമകൾക്ക് ബിജെപി ബന്ധം

ജില്ലാ ഭരണകൂടം അപേക്ഷ തള്ളിയിട്ടും മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് മാക്‌സ് കമ്പനിക്ക് കരാർ ലഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നരേന്ദ്ര തോമാർ, അനുരാഗ് താക്കൂർ, രമേശ് പൊക്രിയാൽ നിശാങ്ക് തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ളവരാണ് കമ്പനി ഉടമകൾ

MediaOne Logo

Shaheer

  • Updated:

    2021-06-23 12:33:07.0

Published:

23 Jun 2021 6:02 PM IST

കുംഭമേളയിലെ കോവിഡ് ടെസ്റ്റ് തട്ടിപ്പ്; കമ്പനി ഉടമകൾക്ക് ബിജെപി ബന്ധം
X

ഉത്തരാഖണ്ഡിൽ കുംഭമേളയ്ക്കിടെ വ്യാജ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം നേരിടുന്ന കമ്പനിക്ക് ബിജെപി ബന്ധമുള്ളതായി റിപ്പോർട്ട്. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സ് കോർപറേറ്റ് സർവീസസ് ആണ് ഹരിദ്വാറിൽ കുംഭമേളയ്ക്കിടയിൽ ഒരു ലക്ഷത്തോളം വ്യാജ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണമുയർന്നിരിക്കുന്നത്. കമ്പനി ഉടമകൾക്ക് മുതിർന്ന ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ദേശീയ മാധ്യമമായ 'ദ വയർ' റിപ്പോർട്ട് ചെയ്തു.

ബിജെപി ഉന്നതരുമായി സൗഹൃദം

കമ്പനി സ്ഥാപകൻ ശരത് പന്തിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, നരേന്ദ്ര മോദി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് വയർ റിപ്പോർട്ട് ചെയ്തു. ലക്ഷക്കണക്കിനുപേർ പങ്കെടുക്കുന്ന കുംഭമേളയിൽ കോവിഡ് പരിശോധന നടത്താനുള്ള കരാർ കമ്പനിക്ക് ലഭിച്ചത് ഈ ബന്ധം ഉപയോഗിച്ചാണെന്നാണ് വിവരം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയാണ് കമ്പനിക്ക് കരാർ ലഭിച്ചത്.


ശരത് പന്ത്, മല്ലിക പന്ത് എന്നിവരാണ് മാക്‌സ് കോർപറേറ്റ് സർവീസസിന്റെ സ്ഥാപക ഡയരക്ടർമാർ. ബിജെപി പശ്ചാത്തലമുള്ളവരാണ് പന്ത് കുടുംബം. ശരതിന്റെ അമ്മാവൻ ഭൂപേഷ് ജോഷി അന്തരിച്ച മുൻ കേന്ദ്ര പാർലമെന്ററി, രാസവള മന്ത്രി അനന്ത് കുമാറിന്റെ അടുത്ത സഹായിയായിരുന്നു. കുമാറിനൊപ്പം പ്രവർത്തിച്ചത് സ്ഥിരീകരിച്ച ജോഷി ഒരു കേന്ദ്ര മന്ത്രാലയത്തിൽ ഇപ്പോഴും അനൗദ്യോഗികമായി പ്രവർത്തിച്ചുവരുന്നതായും സമ്മതിച്ചിട്ടുണ്ട്.

കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രി സ്മൃതി ഇറാനി മുതൽ നരേന്ദ്ര തോമാർ, അനുരാഗ് താക്കൂർ, രമേശ് പൊക്രിയാൽ നിശാങ്ക് അടക്കമുള്ള കേന്ദ്രമന്ത്രി സഭയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ളവരാണ് ശരത് പന്തും ജോഷിയും. ഇവരുമൊത്തുമുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്. റാവത്തുമായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഫേസ്ബുക്കിൽ ചേർത്തിരുന്നു.

ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ടെൻഡർ ക്ഷണിച്ചിരുന്നത്. ഈ സമയത്ത് ത്രിവേന്ദ്രയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പന്ത് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാൽ, ത്രിവേന്ദ്ര രാജിവച്ച് പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിങ് റാവത്ത് അധികാരമേറ്റതിനു പിറകെ അദ്ദേഹത്തെ അഭിനന്ദിച്ചും സമൂഹമാധ്യമങ്ങളിൽ പന്ത് കുറിപ്പിട്ടു. പിന്നീട് നേരിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ജില്ലാ ഭരണകൂടം അപേക്ഷ തള്ളി; മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കമ്പനിക്ക് തന്നെ കരാർ

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന കുംഭമേളയ്‌ക്കെത്തുന്ന ലക്ഷക്കണക്കിനു വരുന്ന തീർത്ഥാടകരുടെ കോവിഡ് പരിശോധന നടത്താനുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡ് സർക്കാരിനുകീഴിലുള്ള കുംഭമേള ഭരണസമിതിയാണ് ഇവർക്ക് കരാർ നൽകിയത്. മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയായിരുന്നു ഇത്.

സംസ്ഥാന ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ മുഖേനയായിരുന്നു സ്വകാര്യ കോവിഡ് പരിശോധനാ ലബോറട്ടറികളിൽനിന്ന് കുംഭമേള ഭരണസമിതി ടെൻഡർ ക്ഷണിച്ചത്. ഒരു മാസക്കാലത്തേക്കായിരുന്നു കരാർ. കരാറിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ശരത് പന്ത് ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊക്രിയാൽ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തിയിരുന്നു.


കോവിഡ് പരിശോധന നടത്താനുള്ള യോഗ്യത കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിദ്വാർ ജില്ലാ ഭരണകൂടം കമ്പനിയുടെ അപേക്ഷ തള്ളി. സ്വന്തമായി ലാബുണ്ടായിരിക്കണം, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്-നാബ്ൾ അംഗീകാരം, ഐസിഎംആർ അംഗീകാരം തുടങ്ങിയ നിബന്ധനകളായിരുന്നു കരാറിനു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഈ മാനദണ്ഡങ്ങളൊന്നും കമ്പനി പാലിച്ചിരുന്നില്ല. ഇതോടെയാണ് ജില്ലാ ഭരണകൂടം ഇവരുടെ അപേക്ഷ തള്ളിയത്.

എന്നാൽ, ജില്ലാ അധികൃതരുടെ തീരുമാനം മറികടന്ന് കുംഭമേള ഭരണസമിതി കമ്പനിക്ക് തന്നെ കരാർ നൽകുകയായിരുന്നു. കരാർ ലഭിച്ച ശേഷവും കമ്പനിയുടെ തട്ടിപ്പിന് പ്രാദേശിക ഭരണകൂടം കൂട്ടുനിന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. കോവിഡ് ടെസ്റ്റ് തട്ടിപ്പിനെക്കുറിച്ച് അധികൃതർക്ക് വിവരമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

മൂന്നുകോടിയുടെ തട്ടിപ്പ്

മൂന്നുകോടിയുടെ തട്ടിപ്പ് നടത്തിയതായാണ് മാക്‌സിനെതിരെ ഉയരുന്ന ആരോപണം. കുംഭമേളയ്ക്കിടെ കമ്പനി നടത്തിയതായി അവകാശപ്പെട്ട 98,000 കോവിഡ് പരിശോധനയും വ്യാജമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കോവിഡ് പരിശോധന ഔദ്യോഗികമായി ആരംഭിക്കുന്നതിനുമുൻപ് തന്നെ കമ്പനി ടെസ്റ്റ് ബില്ലിട്ടു തുടങ്ങിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യമെല്ലാം അറിഞ്ഞിട്ടും ഇവരെ ജോലി തുടരാൻ അധികൃതർ അനുവദിക്കുകയായിരുന്നു. ആന്റിജൻ പരിശോധനയ്ക്ക് 354 രൂപയും ആർടിപിസിആർ ടെസ്റ്റിന് 500 രൂപയുമായിരുന്നു കമ്പനിക്ക് ലഭിക്കുക. പ്രദേശിക സർക്കാർ അധികൃതരാണ് സാംപിൾ ശേഖരിക്കുന്നതെങ്കിൽ 400 രൂപയും ലഭിക്കും.

ഭരണകൂടത്തിൽ വലിയ തോതിൽ സ്വാധീനമുള്ളയാളാണ് പന്തെന്ന് ഉത്തരാഖണ്ഡ് സർക്കാരിലെ ഒരു ഉദ്യോഗസ്ഥർ വയറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനിക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനും അന്വേഷണത്തെ സ്വാധീനിക്കാനും കമ്പനി പലതവണ ഇടപെട്ടിരുന്നു.

നിയമസഭാ സീറ്റിലും നോട്ടം

സംസ്ഥാനത്തെ ബിസിനസ് രംഗത്തു മാത്രമല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും ശരത് പന്ത് നോട്ടമിടുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു ബന്ധു വയറിനോട് പറഞ്ഞത്. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുള്ള ദ്വാരഹട്ട് സ്വദേശിയാണ് പന്ത്.

ദ്വാരഹട്ട് സീറ്റാണ് പന്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നോട്ടമിടുന്നതെന്നാണ് അറിയുന്നത്. നിലവിൽ ബിജെപിയുടെ മഹേഷ് സിങ് നെഗിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബലാത്സംഗക്കേസിൽ കുറ്റാരോപിതനായതിനാൽ അടുത്ത തവണ നെഗിക്ക് സീറ്റ് ലഭിക്കാനിടയില്ല. ഈ അവസരം മുൻകൂട്ടിക്കണ്ടാണ് പന്ത് നീക്കം നടത്തുന്നത്.

സീറ്റ് മുന്നിൽകണ്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി പന്ത് മണ്ഡലത്തിൽ സജീവമാണെന്ന് ദ്വാരഹട്ടിലെ മുൻ കോൺഗ്രസ് എംഎൽഎ മദൻ സിങ് ബിഷ്ട് പറയുന്നു. ബിജെപിയുടെ ബാനറിൽ തന്നെ കോവിഡ് ലോക്ക്ഡൗണിന്റെ അവസാനത്തിൽ പ്രദേശത്ത് പന്തിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണ വിതരണം നടന്നിരുന്നു.


കോവിഡ് തട്ടിപ്പ് കേസ്

കോവിഡ് ടെസ്റ്റ് തട്ടിപ്പിൽ ഹരിദ്വാർ പൊലീസ് മാക്‌സ് കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയുമായി സഹകരിക്കുന്ന രണ്ട് ലാബുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

1987ലെ മഹാമാരി നിയമം, 2005ലെ ദുരന്ത നിവാരണ നിയമം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, കൃത്രിമത്വം തുടങ്ങിയുള്ള ഐപിസി വകുപ്പുകൾ എന്നിവ പ്രകാരമാണ് കമ്പനിക്കും രണ്ട് ലബോറട്ടറികൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഏഴു വർഷം തടവും പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാക്‌സിന്റെ ഹരജി തള്ളിയിരുന്നു.

TAGS :

Next Story