ഫത്തേപൂരിൽ നവാബ് അബ്ദുൾ സമദിന്‍റെ ശവകുടീരം ആക്രമിച്ച് സംഘപരിവാര്‍ സംഘടനകൾ; ജയ്ശ്രീറാം വിളിച്ച് കാവിക്കൊടി സ്ഥാപിച്ചു
ഈ സ്ഥലം നേരത്തെ അമ്പലമായിരുന്നുവെന്ന് ആരോപിച്ച് ശവകുടീരത്തിനുള്ളില്‍ പൂജ നടത്താന്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും ശ്രമിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ സംഘര്‍ഷാവസ്ഥ. ബജ്‌റംഗ്ദള്‍ അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള നവാബ് അബ്ദുള്‍ സമദിന്‍റെ ശവകുടീരം ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. തിങ്കളാഴ്ചയാണ് സംഭവം.
ഈ സ്ഥലം നേരത്തെ അമ്പലമായിരുന്നുവെന്ന് ആരോപിച്ച് ശവകുടീരത്തിനുള്ളില്‍ പൂജ നടത്താന്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും ശ്രമിച്ചു. 1000ത്തോളം പേരാണ് കാവിപ്പതാകയുമേന്തി ശവകുടീരത്തിലെത്തിയത്. തുടര്‍ന്ന് വടികള്‍ ഉപയോഗിച്ച് ശവകുടീരം ആക്രമിക്കുകയായിരുന്നു. ബാരിക്കേഡുകളും ശക്തമായ പൊലീസ് സുരക്ഷയും ഉണ്ടായിട്ടും സംഘം അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ ശവകുടീരത്തിന്‍റെ ഫലകങ്ങളും തകര്‍ത്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇതേതുടര്‍ന്ന് സമീപപ്രദേശങ്ങളിലെ മുസ്‍ലിംകൾ പ്രതിഷേധവുമായി രംഗത്തെത്തി. കൂടുതൽ സംഘര്‍ഷങ്ങൾ ഉണ്ടാകാതിരിക്കാൻ സംഭവസ്ഥലത്ത് പൊലീസിനെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി)യെയും ഉടനടി വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കെട്ടിടത്തിനും സമീപസ്ഥലങ്ങളിലും പൊലീസ് ബാരിക്കേഡുകള്‍ വിന്യസിച്ചു. ജയ് ശ്രീറാം വിളിച്ച് കൊണ്ടെത്തിയവര്‍ ശവകുടീരത്തിന് മുകളില്‍ കയറി കാവിപ്പതാക സ്ഥാപിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ പേരറിയാവുന്ന 10 പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഫത്തേപൂര്‍ എസ്പി അനൂപ് കുമാര്‍ സിങ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഷേക് ശുക്ല, ധർമേന്ദ്ര സിങ്, ആശിഷ് ത്രിവേദി, പപ്പു സിങ് ചൗഹാൻ, പ്രഷൂൺ തിവാരി, റിതിക് പാൽ, വിനയ് തിവാരി (കൗൺസിലർ), പുഷ്പരാജ് പട്ടേൽ, റിങ്കു ലോഹി എന്ന അജയ് സിംഗ്, ദേവനാഥ് ധാക്കദ് എന്നിവരാണ് പ്രതികൾ.പപ്പു സിങ് ചൗഹാനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഒരു ദിവസം മുമ്പ് സമാജ്‌വാദി പാർട്ടി പുറത്താക്കിയിരുന്നു. കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ള പ്രതികളെ തിരിച്ചറിയുന്നതിനായി പൊലീസ് സംഘങ്ങൾ വീഡിയോ, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അനൂപ് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. "വേഗത്തിലുള്ള അറസ്റ്റ് ഉറപ്പാക്കാൻ ഞങ്ങൾ ഒന്നിലധികം ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ശവകുടീരത്തിൽ പ്രവേശിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയോ ചെയ്തവർ നിയമനടപടി നേരിടേണ്ടിവരും." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
200 വര്‍ഷത്തിലധികം പഴക്കമുള്ള ശവകുടീരമാണിത്. നവാബ് അബ്ദുള്‍ സമദിന്‍റെ ശവകുടീരം നില്‍ക്കുന്നത് കൃഷ്ണന്‍റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്ന് അവകാശപ്പെട്ട് ബജ്‌റംഗ്ദള്‍, മഠ് മന്ദിര്‍ സരംക്ഷൺ സമിതി തുടങ്ങിയവര്‍ രംഗത്ത് വന്നതോടെയണ് വിവാദം ആരംഭിക്കുന്നത്. 1000 വര്‍ഷം പഴക്കമുള്ള അമ്പലമാണെന്നും അതിനുള്ളില്‍ ശിവലിംഗമുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതി ആഗസ്ത് 7ന് ഫത്തേപൂര്‍ ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു. ശവകുടീരം യഥാർഥത്തിൽ 'സിദ്ധ്പീഠ് താക്കൂർ ജി വിരാജ്മാൻ ക്ഷേത്രം' ആണെന്ന് സമിതി അവകാശപ്പെടുകയും ജന്മാഷ്ടമിക്ക് മുന്നോടിയായി അത് പുതുക്കിപ്പണിയാൻ അനുമതി തേടുകയും ചെയ്തിരുന്നു.
ദീപാവലി, കൃഷ്ണ ജന്മാഷ്ടമി സമയങ്ങളിൽ ഭക്തരെ ആകർഷിക്കുന്ന 'ഒരു പ്രധാന സനാതൻ ഹിന്ദു കേന്ദ്രം' എന്നാണ് പതിനഞ്ചോളം വ്യക്തികൾ ഒപ്പിട്ട കത്തിൽ വിശേഷിപ്പിച്ചത്. അക്രമം നടന്ന ആഗസ്ത് 11ന് നവീകരണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുമെന്നും സമിതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരികൾ അനുമതി നിഷേധിക്കുകയും പ്രവേശനം തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രാദേശിക ബിജെപി ജില്ലാ പ്രസിഡന്‍റ് മുഖ്‌ലാൽ സിങ് ഹിന്ദു അനുയായികളോട് ആ സ്ഥലത്ത് പ്രാർഥനക്കായി ഒത്തുകൂടാൻ പരസ്യമായി അഭ്യർഥിക്കുകയും അതിനെ ഒരു മന്ദിർ എന്ന് വിളിക്കുകയും ചെയ്തത് സമിതിയുടെ ആത്മവിശ്വാസം കൂട്ടി.
രാവിലെ 11 മണിയോടെയാണ് സംഘർഷം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ഹിന്ദു മഹാസഭ എന്നിവയുൾപ്പെടെയുള്ള സംഘടനകളിൽ നിന്നുള്ള ഒരു വലിയ ജനക്കൂട്ടം പിഡബ്ല്യുഡി ജംഗ്ഷന് സമീപം ഒത്തുകൂടുകയായിരുന്നു.എന്നിരുന്നാലും, ഫത്തേപൂർ അക്രമത്തിൽ ഈ സംഘടനകൾക്ക് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവം യുപിയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ന്യൂനപക്ഷ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി സർക്കാരിന്‍റെ കഴിവില്ലായ്മയുടെയോ താൽപര്യമില്ലായ്മയുടെയോ തെളിവായി പ്രതിപക്ഷം സംഭവത്തെ ഏറ്റെടുത്തു.1991 ലെ ആരാധനാലയ നിയമം പാലിക്കുന്നതിൽ മുഖ്യമന്ത്രി ആദിത്യനാഥ് പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു."തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി സമൂഹത്തെ ധ്രുവീകരിക്കുന്ന ഒരു പ്രവണതയായി ഇത് മാറിയിരിക്കുന്നു" എന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് ആരോപിച്ചു. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "ശക്തമായ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള യോഗിയുടെ അവകാശവാദങ്ങൾ തുറന്നുകാട്ടപ്പെടുന്നു," രജ്പുത് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

