Quantcast

'2000 രൂപാ നോട്ടിൽ നാനോ ചിപ്പുണ്ടെന്ന് പറഞ്ഞിട്ടില്ല; അത് എഡിറ്റ് ചെയ്ത വിഡിയോ'; 2016ലെ വാദങ്ങള്‍ നിഷേധിച്ച് 'ആജ് തക്' അവതാരക

നോട്ടുനിരോധനത്തിനു പിന്നാലെ 'ആജ് തക്' പ്രക്ഷേപണം ചെയ്ത തത്സമയ പരിപാടിയിലായിരുന്നു ശ്വേത സിങ് 2,000 രൂപാ നോട്ടിന്റെ സവിശേഷതകൾ വിവരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-02 09:51:32.0

Published:

2 Jun 2023 9:50 AM GMT

Aaj Tak anchor Sweta Singh - nano chip in 2000 rupee note, 2000currencynote, SwetaSingh, AajTak, nanochip, demonetization
X

ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്കിടയാക്കിയ വാദങ്ങളിലൊന്നാണ് 2,000 രൂപാ നോട്ടിലെ നാനോ ചിപ്പ്. ആജ് തക്, സീ ന്യൂസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് മോദി സർക്കാരിന്റെ നടപടിയെ പ്രകീർത്തിച്ചും പുതിയ നോട്ടുകളുടെ സവിശേഷതകൾ വിവരിച്ചും വിചിത്രകരമായ അവകാശവാദങ്ങൾ നടത്തിയത്. ഇത്തരത്തിൽ നാനോ ചിപ്പ് വാദം നടത്തിയ 'ആജ് തക്' അവതാരകയും സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്ററുമായ ശ്വേതാ സിങ് ഇപ്പോൾ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

2,000 രൂപാ നോട്ട് പിൻവലിച്ചതിനു പിന്നാലെ ഒരു മാധ്യമവിദ്യാർത്ഥി ശ്വേതയോട് നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോഴാണ് ശ്വേത വാദങ്ങൾ നിഷേധിച്ചത്. 2,000 രൂപാ നോട്ടിൽ ചിപ്പുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചു. എഡിറ്റ് ചെയ്ത വിഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ശ്വേത പറഞ്ഞു.

'2,000 രൂപാ നോട്ടിൽ നാനോ ചിപ്പുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. 45 മിനിറ്റ് വിഡിയോയുടെ 45 സെക്കൻഡ് മാത്രം കണ്ടാണ് നിങ്ങളിത് പറയുന്നത്. 45 മിനിറ്റ് വിഡിയോ പൂർണമായും കണ്ടാൽ നിങ്ങളിത് പറയില്ല. വാട്‌സ്ആപ്പിൽ ഫോർവാഡ് ചെയ്ത് കിട്ടിയ വിവരമാണിതെന്ന് അതിൽ ഞാൻ പറയുന്നുണ്ട്. അത് കട്ട് ചെയ്താണ് നിങ്ങൾ പ്രചരിപ്പിക്കുന്നത്. നിങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് എഡിറ്റ് ചെയ്ത വിഡിയോ ആണ്.'-ശ്വേത വിശദീകരിച്ചു.

നോട്ടുനിരോധനത്തിനു പിന്നാലെ ആജ് തക് പ്രക്ഷേപണം ചെയ്ത തത്സമയ പരിപാടിയിലായിരുന്നു ശ്വേത അടക്കമുള്ള മാധ്യമപ്രവർത്തകർ പുതിയ 2,000 നോട്ടിന്റെ പ്രത്യേകതകൾ വിശദീകരിച്ച് സംസാരിച്ചത്. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളിൽ നാനോ ടെക്നോളജി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ശ്വേതയുടെ അവകാശവാദം. കറൻസിയിൽ ഉപയോഗിച്ച ജി.പി.എസ് സംവിധാനം വഴി ആദായ നികുതി വകുപ്പിന് വിവരങ്ങൾ കൃത്യമായി അറിയാനാകുമെന്ന് വിഡിയോയിൽ മാധ്യമപ്രവർത്തക ആധികാരികമായി വിവരിക്കുന്നുണ്ട്.

സമാനമായ അവകാശവാദം സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയും നടത്തിയിരുന്നു. പുതിയ നോട്ടുകൾ നിർമിക്കാൻ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു സുധീർ ചൗധരിയുടെ അവകാശവാദം. നാനോ ജി.പി.എസ് ചിപ്പുകൾ കറൻസികളിൽ ഘടിപ്പിച്ചിട്ടുണ്ടാകും. സാറ്റ്ലൈറ്റ് വഴി ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ലഭിക്കും. കറൻസിയുടെ സീരിയൽ നമ്പറടക്കം ട്രാക്ക് ചെയ്യാനാകുമെന്നും ചൗധരി വിവരിച്ചിരുന്നു.

2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ഇതേ വിഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ശ്വേതയെ നേരിൽകണ്ട മാധ്യമപ്രവർത്തകൻ ഇതേക്കുറിച്ച് ചോദിച്ചത്. 2,000 രൂപാ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30നകം 2,000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്.

എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ നൽകുന്ന വിശദീകരണം.

Summary: Aaj Tak anchor Sweta Singh clarifies that she didn't claim that nano chip is installed in 2000 rupee note

TAGS :

Next Story