Quantcast

ജഹാംഗീർപുരി സംഘർഷം: പ്രധാന പ്രതി അൻസാർ ബിജെപി നേതാവാണെന്ന് എ.എ.പി എംഎൽഎ

അൻസാർ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-19 16:14:01.0

Published:

19 April 2022 2:37 PM GMT

ജഹാംഗീർപുരി സംഘർഷം: പ്രധാന പ്രതി അൻസാർ ബിജെപി നേതാവാണെന്ന് എ.എ.പി എംഎൽഎ
X

ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷത്തിലെ പ്രധാന കുറ്റരോപിതനായ അൻസാർ ബിജെപി നേതാവാണെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അതിഷി. ബിജെപി സ്ഥാനാർഥി സംഗീത ബജാജിനായി ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും ബിജെപിയിൽ പ്രധാന റോൾ വഹിക്കുന്നുണ്ടെന്നും ഇയാൾ ബിജെപി പരിപാടിയിൽ പങ്കെടുത്ത നിരവധി ഫോട്ടോകൾ സഹിതം പോസ്റ്റ് ചെയ്ത ട്വിറ്റർ കുറിപ്പിൽ അതിഷി ചൂണ്ടിക്കാട്ടി. അവർ ഗുണ്ടകളുടെ പാർട്ടിയാണെന്നും കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ബിജെപി ഡൽഹിയിലെ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൻസാർ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഎപി എംഎൽഎ യാഥാർഥ്യം ചൂണ്ടിക്കാട്ടിയത്.

ഈ കേസിലെ പ്രതി അൻസാർ എഎപി പ്രവർത്തകനാണെന്നും 2020 ഡൽഹി കലാപത്തിന്റെ ആസൂത്രകനായ താഹിർ ഹുസൈൻ എഎപി കൗൺസിലറായിരുന്നുവെന്നും ഇവർ കലാപ ഫാക്ടറി നടത്തുന്നുണ്ടോയെന്നും ബിജെപി എം പി മനോജ് തിവാരി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സത്യ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്തയക്കുകയും ചെയ്തിരുന്നു. എഎപി നടത്തിയ ശോഭയാത്രയിൽ ഒരിടത്തും അക്രമമുണ്ടായിട്ടില്ലെന്ന് സൗരഭ് ഭരദ്വാജ് ഇതിന് മറുപടി പറഞ്ഞിരുന്നു.

ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 16ന് നടത്തിയ ശോഭയാത്രയിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ടു കുറ്റപത്രങ്ങളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഎച്ച്പി, ബജ്രങ്ദൾ, അവരുടെ ഓഫീസ് ജീവനക്കാർ എന്നിവർക്കെതിരെ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിനാണ് കേസെടുത്തത്. ഇതിനെ തുടർന്ന് പൊലീസിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) രംഗത്ത് വന്നിരുന്നു. സംഘർഷത്തിൽ തങ്ങളുടെ പ്രവർത്തകർക്കെതിരെ നടപടിയുണ്ടായാൽ ഡൽഹി പൊലീസിനെതിരെ യുദ്ധം തുടങ്ങുമെന്ന് വി.എച്ച്.പി മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നത്. എഫ്.ഐ.ആർ പിന്നീട് പൊലീസ് തന്നെ പിൻവലിക്കുകയും വി.എച്ച്.പി, ബജ്രങ്ദൾ എന്നീ സംഘടനകളുടെ പേരില്ലാതെ പുതിയ റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് പ്രാദേശിക വി.എച്ച്.പി പ്രവർത്തകനായ പ്രേം ശർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട്

ജഹാംഗീർപുരി വർഗീയസംഘർഷത്തിൽ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 'തോക്കുകളും വാളുകളും മറ്റു ആയുധങ്ങളുമേന്തിയ 200 പേർ പ്രകോപന മുദ്രാവാക്യങ്ങളുമായി ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയെന്നും വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചപ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വർഗീയ സംഘർഷം നടന്ന സമയത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേഷ് ഗുപ്തയും ഹൻസ്രാജ് ഹൻസ് എം.പിയും പൊലീസ് സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചുവെന്നും വസ്തുതാന്വേഷണ സംഘം പറഞ്ഞു.

ജഹാംഗീർപുരി സംഘർഷത്തിൽ ഇരുസമുദായങ്ങളിൽനിന്നുള്ളവരെയും അറസ്റ്റ് ചെയ്തുവെന്നും ഇരുകൂട്ടർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് വിശദീകരണം. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു. കുറ്റവാളിയെന്ന് കാണുന്ന ഏത് വ്യക്തിയെയും ജാതിയും മതവും സമുദായവും വർഗവും നോക്കാതെ പിടികൂടുമെന്നും രാകേഷ് അസ്താന പറഞ്ഞു.

AAP MLA says Ansar BJP leader is the main culprit in Jahangirpuri clash

TAGS :

Next Story