Quantcast

'ഔറംഗസേബിനെ പ്രശംസിച്ചു'; മഹാരാഷ്ട്ര എസ്പി എംഎൽഎ അബു അസ്മിക്ക് സസ്‌പെൻഷൻ

ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ. സമ്മേളനത്തിന്റെ അവസാനം വരെ അദ്ദേഹത്തെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

MediaOne Logo

Web Desk

  • Updated:

    2025-03-05 12:05:25.0

Published:

5 March 2025 5:31 PM IST

ഔറംഗസേബിനെ പ്രശംസിച്ചു; മഹാരാഷ്ട്ര എസ്പി എംഎൽഎ അബു അസ്മിക്ക് സസ്‌പെൻഷൻ
X

മുംബൈ: മുഗൾ ചക്രവര്‍ത്തി ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) എംഎൽഎ അബു അസ്മിയെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

സംസ്ഥാന ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ. സമ്മേളനത്തിന്റെ അവസാനം വരെ അദ്ദേഹത്തെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

നാല് തവണ എംഎല്‍എയായിരുന്ന അബു അസ്മിയെ സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം ബുധനാഴ്ച പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ സഭയില്‍ അവതരിപ്പിച്ചു. അസ്മിയെ ഒന്നോ രണ്ടോ സെഷനുകളിലേക്ക് മാത്രമല്ല, എംഎല്‍എ സ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു.

ഛത്രപതി സംഭാജി മഹാരാജിനെ കേന്ദ്രീകരിച്ചുള്ള ‘ഛാവ’ എന്ന സിനിമയിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തെ സമാജ്‌വാദി എംഎല്‍എ ഏറെ വിമര്‍ശിച്ചിരുന്നു. ഇതിനിടെയിലാണ് ഔറംഗസേബിനെ അദ്ദേഹം പ്രശംസിച്ചത്.

ഔറംഗസേബിന്റെ ഭരണത്തിന് കീഴിൽ ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അസ്മി അഭിപ്രായപ്പെട്ടിരുന്നു. 'ഛാവ’ സിനിമയില്‍ തെറ്റായ ചരിത്രമാണ് കാണിക്കുന്നത്, ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അദ്ദേഹം ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ആസ്മി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഛത്രപതി സംഭാജി മഹാരാജിനെ ഇകഴ്ത്തി സംസാരിച്ചെന്നാരോപിച്ചും ഔറംഗസേബിനെ പുകഴ്ത്തിയെന്നും കാണിച്ച് ഭരണപക്ഷം അസ്മിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.

എന്നാല്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും ഭരണപക്ഷം തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമായിരുന്നു അസ്മിയുടെ വിശദീകരണം. ഇതിനിടെ അബു ആസ്മിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ്.

TAGS :

Next Story