Quantcast

അസിം പ്രേംജി സര്‍വകലാശാലയില്‍ എബിവിപി അക്രമം; വിദ്യാര്‍ഥികളെ മര്‍ദിച്ചു

'കുനന്‍ പോഷ്‌പോര' സംഭവത്തെ കുറിച്ച് കാമ്പസിലെ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച ചര്‍ച്ചക്ക് മുന്നോടിയായാണ് എബിവിപിയുടെ അക്രമം

MediaOne Logo
അസിം പ്രേംജി സര്‍വകലാശാലയില്‍ എബിവിപി അക്രമം; വിദ്യാര്‍ഥികളെ മര്‍ദിച്ചു
X

ബംഗളൂരു: അസിം പ്രേംജി സര്‍വകലാശാലയില്‍ എബിവിപിയുടെ അക്രമം. കാമ്പസിനുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിദ്യാര്‍ഥികളെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ചു. ഇതിനു പിന്നാലെ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് എബിവിപിക്കെതിരെ കനത്ത പ്രതിഷേധമുയര്‍ത്തി.

കുപ്രസിദ്ധമായ 'കുനന്‍ പോഷ്‌പോര' സംഭവത്തെ കുറിച്ച് കാമ്പസിലെ വിദ്യാര്‍ഥി കൂട്ടായ്മയായ സ്പാര്‍ക്ക് റീഡിങ് സര്‍ക്കിള്‍ സംഘടിപ്പിച്ച ചര്‍ച്ചക്ക് മുന്നോടിയായാണ് എബിവിപിയുടെ അക്രമം. 1991 ഫെബ്രുവരി 23ന് കശ്മീരിലെ കുനന്‍ പോഷ്‌പോര ഗ്രാമത്തില്‍ ഇന്ത്യന്‍ സൈന്യം സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന സംഭവമാണ് കുനന്‍ പോഷ്‌പോര അതിക്രമം. ഇതിന്റെ 35ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കാമ്പസില്‍ ചര്‍ച്ച സംഘടിപ്പിച്ചത്.

എന്നാല്‍, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് നടത്തുന്നതെന്ന് ആരോപിച്ച് എബിവിപി രംഗത്തെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പരിപാടി തടസപ്പെടുത്തുക ലക്ഷ്യമിട്ട് കാമ്പസില്‍ സംഘര്‍ഷമുണ്ടാക്കി. ഒരു മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദിക്കുകയും സര്‍വകലാശാലയുടെ ബോര്‍ഡ് തകര്‍ക്കുകയും ചെയ്തു. സ്പാര്‍ക്ക് റീഡിങ് സര്‍ക്കിളിനെ നിരോധിക്കുക എന്ന് പലയിടത്തും എഴുതിയിട്ടു.


ഇതിന് പിന്നാലെ എബിവിപി അക്രമത്തിനെതിരെ വന്‍തോതില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി. ഹിന്ദുത്വ ഫാഷിസത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇനിയും നീതി കിട്ടാത്ത കുനാന്‍ പോഷ്‌പോര ഇരകളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മര്‍ദനമേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ എബിവിപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടു കൂടി എബിവിപിയുടെ അക്രമങ്ങള്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പുറത്തുനിന്നുള്ള അക്രമികളെ പോലും തടഞ്ഞില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

TAGS :

Next Story