Quantcast

അക്കാദമിക സ്വാതന്ത്ര്യം; ഇന്ത്യയില്‍ 'കടുത്ത നിയന്ത്രണ'മെന്ന് റിപ്പോര്‍ട്ട്, ഒപ്പം പാകിസ്താനും വെസ്റ്റ് ബാങ്കും

കേന്ദ്ര സര്‍ക്കാര്‍ യുജിസിയെ ആയുധമാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍

MediaOne Logo
അക്കാദമിക സ്വാതന്ത്ര്യം; ഇന്ത്യയില്‍ കടുത്ത നിയന്ത്രണമെന്ന് റിപ്പോര്‍ട്ട്, ഒപ്പം പാകിസ്താനും വെസ്റ്റ് ബാങ്കും
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അക്കാദമിക സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണ'ത്തിലെന്ന് അന്താരാഷ്ട്ര ഗവേഷക കൂട്ടായ്മയുടെ റിപ്പോര്‍ട്ട്. 'സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്' എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ 'ഫ്രീ ടു തിങ്ക് 2026' എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇന്ത്യയെ അക്കാദമിക സ്വാതന്ത്ര്യം കുറഞ്ഞ രാജ്യമായാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.

179 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. അമ്പത് രാജ്യങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അക്കാദമിക സ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2025 ജൂലൈ ഒന്നിനും 2026 ജൂണ്‍ 30നും ഇടയില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലക്കെതിരെ 382 ആക്രമണങ്ങളാണ് നടന്നത്.

ഇന്ത്യയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ യുജിസിയെ ആയുധമാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സമീപ കാലങ്ങളില്‍ യുജിസി നയങ്ങങ്ങളിലുണ്ടായ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവേഷക സംഘടനയുടെ നിരീക്ഷണം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി കൈകടത്തുന്നു, ക്യാമ്പസുകളിലെ പരിപാടികള്‍ റദ്ദാക്കുന്നു, വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നു, അധ്യാപകരെ അന്യമായി പിരിച്ചുവിടുന്നു തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്. സര്‍വകലാശാലകളുടെ ഭരണത്തിലും നിയമനങ്ങളിലും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില സംഭവവികാസങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം യുക്രൈന്‍, ഇന്തോനേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ ഇന്ത്യക്കൊപ്പമുള്ളത്. ഇതേ വിഭാഗത്തില്‍ ഹോങ്കോങ്ങും വെസ്റ്റ് ബാങ്കും ഉള്‍പ്പെട്ടിട്ടുണ്ട്.

ഒട്ടും ഗവേഷക സ്വാതന്ത്ര്യമില്ലാത്തതും പൂര്‍ണ നിയന്ത്രണമുള്ളതുമായ വിഭാഗത്തില്‍ ചൈനയും റഷ്യയും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളുണ്ട്. അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, സിറിയ, ഇറാന്‍, വെനസ്വേല, സിംബാബ്‌വെ, ഗസ്സ തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍. എഎഫ്ഐ ഡാറ്റ പ്രകാരം ഇന്ത്യയുടെ അക്കാദമിക് ഫ്രീഡം ഇന്‍ഡക്‌സ് സ്‌കോര്‍ 2022ല്‍ 0.38 ആയിരുന്നത് 2025ല്‍ 0.14 ആയി കുറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.

TAGS :

Next Story