Quantcast

'മൈക്കി'യെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞതാണോ? നടി മഞ്ജരി ഫഡ്‌നിസിൻ്റെ പരാതിയില്‍ ട്വിസ്റ്റ്, കണ്ടെത്തിയത് ചോരയല്ല, മുറുക്കിത്തുപ്പിയത്

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടന്നു വരികയാണ്

MediaOne Logo
മൈക്കിയെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞതാണോ? നടി മഞ്ജരി ഫഡ്‌നിസിൻ്റെ പരാതിയില്‍ ട്വിസ്റ്റ്, കണ്ടെത്തിയത് ചോരയല്ല, മുറുക്കിത്തുപ്പിയത്
X

മുംബൈ: ബോളിവുഡ് നടി മഞ്ജരി ഫഡ്‌നിസിന്റെ ഹൗസിങ് സൊസൈറ്റിയിലെ വളര്‍ത്തുനായയായ മൈക്കിയെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞെന്ന പരാതിയില്‍ പൊലീസിന്റെ പുതിയ കണ്ടെത്തല്‍. സംഭവസ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച സാമ്പിള്‍ രക്തമല്ലെന്നും മുറുക്കി തുപ്പിയതിന്റേതാണെന്നുമാണ് കണ്ടെത്തല്‍. മൈക്കിയെ തല്ലിക്കൊന്നതാണെന്നും സ്ഥലത്ത് രക്തമുണ്ടായിരുന്നെന്നും മഞ്ജരി ഫഡ്‌നിസ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. 2020ല്‍ ഹൗസിങ് സൊസൈറ്റിയിലെത്തിയ നായയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു.

ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരുടേയും നടി മഞ്ജരി ഫഡ്‌നിസിന്റേയും ആരോപണത്തിന് പിന്നാലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ താമസക്കാരനും നടനുമായ സങ്കേത് കദം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടന്നു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഇതുവരെ നടത്തിയ പരിശോധനയില്‍ നായയെ തല്ലിക്കൊന്നതാണെന്നതിനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശൈലേന്ദ്ര നഗര്‍കര്‍ പറഞ്ഞു. ഹൗസിങ് സൊസൈറ്റിയിലെ സിസിടിവി ഡിവിആര്‍ ഫൊറന്‍സിക് പരിശോധനക്കായി പൊലീസ് കൊണ്ടുപോയിട്ടുണ്ട്.

ഹൗസിങ് സൊസൈറ്റിയിലെ വളര്‍ത്തുനായയെ ക്രൂരമായി തല്ലിക്കൊന്ന് പുഴയിലെറിഞ്ഞതായാണ് കടുത്ത മൃഗസ്‌നേഹിയായ നടി വീഡിയോയിലൂടെ പറഞ്ഞിരുന്നത്. മൈക്കി' എന്ന് പേരുള്ള നായയെ ഒരു സംഘം ആളുകള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നും മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സിനിമാരംഗത്തുള്ളവരും മൃഗസ്‌നേഹികളുമായ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

TAGS :

Next Story