Quantcast

വ്യാജ വാക്സിനേഷന്‍ ക്യാമ്പ്, വാക്സിന്‍ സ്വീകരിച്ചവരില്‍ എംപിയും; ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തിയ പ്രതി പിടിയില്‍

തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി വാക്സിന്‍ സ്വീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

MediaOne Logo

Web Desk

  • Updated:

    2021-06-24 06:27:43.0

Published:

24 Jun 2021 6:21 AM GMT

വ്യാജ വാക്സിനേഷന്‍ ക്യാമ്പ്, വാക്സിന്‍ സ്വീകരിച്ചവരില്‍ എംപിയും; ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തിയ പ്രതി പിടിയില്‍
X

ഐ‌എ‌എസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി കോവിഡ് വാക്സിനേഷന് മേൽനോട്ടം വഹിച്ചയാള്‍ അറസ്റ്റില്‍. തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി വാക്സിന്‍ സ്വീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ദേബാഞ്ജന്‍ ദേവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നൂറുകണക്കിന് ആളുകൾക്ക് നൽകിയത് ശരിക്കുള്ള വാക്സിന്‍ തന്നെയാണോ എന്ന സംശയവും ഉയരുന്നു.

ദേബാഞ്ജന്‍ ദേവ് സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായി എത്തിയതായിരുന്നു മിമി ചക്രബര്‍ത്തി. കോവിഡ് വ്യാപനം തടയാന്‍ വാക്സിനെടുക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി താന്‍ ആ ക്യാമ്പില്‍ വെച്ച് വാക്സിന്‍ സ്വീകരിക്കുകയായിരുന്നുവെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. ആ ക്യാമ്പിൽ 250ഓളം പേർക്ക് വാക്സിന്‍ നല്‍കി. വാക്സിൻ എടുത്ത ശേഷം ഫോണില്‍ സന്ദേശം ലഭിക്കാതിരുന്നപ്പോള്‍ മിമി ചക്രബർത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഐ‌എ‌എസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് ദേബാഞ്ജന്‍ ദേവ് തന്നെ വാക്സിനേഷന്‍ ക്യാമ്പിലേക്ക് ക്ഷണിച്ചതെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് ക്യാമ്പെന്നാണ് ദേബാഞ്ജന്‍ അറിയിച്ചത്. ട്രാൻസ്‌ജെൻഡർമാർക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകമായി നടത്തുന്ന ക്യാമ്പാണിതെന്നും പറഞ്ഞെന്ന് മിമി ചക്രബര്‍ത്തി വിശദീകരിച്ചു.

വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ ആധാർ കാർഡ് വിശദാംശങ്ങളൊന്നും ക്യാമ്പില്‍ ചോദിച്ചിരുന്നില്ല. കോവിഷീല്‍ഡ് വാക്സിന്‍ എന്നാണ് പറഞ്ഞത്. പക്ഷേ വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞ് ഫോണിലേക്ക് സന്ദേശമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയതെന്ന് എംപി പറഞ്ഞു.

ക്യാമ്പില്‍ നല്‍കിയത് ശരിക്കുള്ള വാക്സിനാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത വാക്സിന്‍ ബോട്ടിലുകള്‍ ശരിക്കുള്ളതാണോ എന്നറിയാന്‍ പരിശോധനക്കയച്ചു. ബോട്ടിലിന് പുറത്ത് കാലാവധി ഉണ്ടായിരുന്നില്ല. പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്നും എന്തായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അതിന് ശേഷമേ അറിയാന്‍ കഴിയൂ എന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story