'അമ്മ മരിച്ചപ്പോൾ പോലും വിസ തന്നില്ല.. പാകിസ്താൻ വിടാൻ കാരണങ്ങൾ ഒരുപാട്'- അദ്‌നാൻ സാമി
"പാട്ടുകളെയും പാട്ടുകാരെയും ഇന്ത്യക്കാർ സ്വീകരിക്കുന്നത് പോലെ മറ്റൊരു രാജ്യക്കാരും സ്വീകരിക്കും എന്ന് തോന്നുന്നില്ല.. എന്നെ ചേർത്ത് പിടിക്കുകയായിരുന്നു ഇവിടുത്ത ആളുകൾ"

പാകിസ്താൻ വിട്ട് ഇന്ത്യയിലെത്തി ഇവിടെ തന്റെ കരിയർ കേന്ദ്രീകരിച്ച ഗായകനാണ് അഡ്‌നാൻ സാമി. 2016ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നത്. ആ തീരുമാനത്തെ തുടർന്ന് വിമർശനങ്ങളേറെ നേരിട്ടെങ്കിലും, ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പറയാറുണ്ട് അഡ്‌നാൻ. ഈയടുത്തും, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയെ അദ്‌നാൻ പ്രശംസിക്കുകയും ചെയ്തു.
പാകിസ്താൻ വിടാനുണ്ടായ തീരുമാനത്തെ കുറിച്ച് കാര്യമായൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല അദ്‌നാൻ. എന്നാൽ ഇപ്പോഴിതാ ആ സുപ്രധാന തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു തിരിച്ചടി നേരിട്ട സമയത്ത്, തന്നെ പാക് ജനങ്ങൾ പിന്തുണച്ചില്ലെന്നും തന്റെ കരിയർ ഇല്ലാതാക്കാൻ രാജ്യം ഒന്നാകെ ശ്രമിച്ചെന്നുമാണ് അദ്‌നാന്റെ വെളിപ്പെടുത്തൽ. അമ്മയുടെ മരണസമയത്ത് പോലും വിസ നിഷേധിച്ച പാക് നടപടിയെ അപലപിക്കുന്നുമുണ്ട് അദ്‌നാൻ. ഇന്ത്യാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
അഡ്‌നാന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു-
"1998ൽ ഞാൻ ചെയ്ത ചില പാട്ടുകൾക്ക് പ്രമോഷൻ ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. കാരണം, ആ സമയം കൊണ്ട് എന്റെ കരിയർ അവസാനിച്ചു എന്നായിരുന്നു പലരുടെയും ധാരണ. എനിക്ക് വേണ്ടി മാർക്കറ്റിംഗ് നടത്തിയിട്ട് കാര്യമില്ലെന്ന് കണ്ടിട്ടാകണം, ആരും വന്നില്ല. ആ പാട്ടുകൾ ഇറങ്ങിയതും പോയതുമൊന്നും ആരും അറിഞ്ഞതുമില്ല. അവരത് മനഃപൂർവം ചെയ്തതാണ് എന്നെനിക്കറിയാമായിരുന്നു. കാനഡയിലായിരുന്നു ഞാൻ ആ സമയം. വളരെ വിഷാദമൂകമായ അവസ്ഥ ആയിരുന്നു അത്. ഇനി പാകിസ്താനിൽ എന്റെ പാട്ടുകൾ ഹിറ്റാകില്ല എന്ന് എനിക്കതോടെ മനസ്സിലായി.
അങ്ങനെയാണ് മറ്റൊരു രാജ്യത്തേക്ക് കരിയർ മാറ്റാം എന്ന ബുദ്ധി ഉദിക്കുന്നത്. ആശ ഭോസ്ലെ ജിയുമായി ഞാനിക്കാര്യം പങ്ക് വയ്ക്കുകയും ചെയ്തു. ആശാജിയ്‌ക്കൊപ്പം ലണ്ടനിൽ പാട്ടുകൾ റെക്കോർഡ് ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ ലണ്ടൻ വരെ പോകുന്നതെന്തിന് എന്ന് ചോദിച്ചു ആശാ ജി. മുംബൈയിലേക്ക് വരാൻ നിർദേശിക്കുകയും ചെയ്തു. ഹിന്ദി മ്യൂസിക്കിന്റെ തലസ്ഥാനമാണ് മുംബൈ എന്നും അവിടെ ഹിറ്റ് ആകുന്നതെന്തും ലോകം മുഴുവൻ എത്തുമെന്നുമുള്ള ആശാജിയുടെ വാക്കുകളാണ് എന്നെ ഇവിടെ എത്തിച്ചത്.
ഇന്ത്യയിലെത്തിയ കാലത്ത് ഭോസ്ലെ കുടുംബം എനിക്ക് വേണ്ടി ചെയ്തതൊന്നും മറക്കാനാവില്ല. എനിക്ക് ആർഡി ബർമന്റെ വീട്ടിൽ താമസിക്കാൻ അവർ സൗകര്യമൊരുക്കി. അതെനിക്ക് ശരിക്കും സംഗീതത്തിന്റെ ഒരു ക്ഷേത്രം പോലെ ആയിരുന്നു. അവിടുന്ന് ഞാൻ വീണ്ടും തുടങ്ങി. പാക്‌സിതാനിൽ ആരും ശ്രദ്ധിക്കാതിരുന്ന പാട്ടുകളൊക്കെ ഇന്ത്യയിൽ ഹിറ്റ് ആയി. എന്നെ ചേർത്ത് പിടിക്കുകയായിരുന്നു ഇവിടുത്ത ആളുകൾ.. എനിക്ക് സ്വപ്‌നം കാണാൻ പറ്റുന്നതിനും മുകളിലായിരുന്നു ഇവിടെ ലഭിച്ച സ്വീകാര്യത. പാട്ടുകളെയും പാട്ടുകാരെയും ഇന്ത്യക്കാർ സ്വീകരിക്കുന്നത് പോലെ മറ്റൊരു രാജ്യക്കാരും സ്വീകരിക്കും എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് സംഗീതത്തോടുള്ള സമീപനം പോലെ അത്ര ബഹുമാനം മറ്റൊരു രാജ്യക്കാർക്കുമില്ല.
പാകിസ്താനിൽ പല ഗായകരും ഞാൻ നേരിട്ട അവസ്ഥ നേരിട്ടിട്ടുണ്ട്. എത്ര കഴിവുള്ള ഗായകരായിരുന്നു നുസ്രത്ത് ഫത്തേഹ് അലി ഖാനും മെഹ്ദി ഹസ്സനുമൊക്കെ.. പക്ഷേ വേണ്ടത്ര അംഗീകാരം കിട്ടിയില്ല. സംഗീതാസ്വാദകർ അവരെ വേണ്ടവിധം ആദരിച്ചിട്ടുണ്ട്. പക്ഷേ അധികാരികൾ യാതൊരു വിലയും കല്പിച്ചില്ല, ഒരു അംഗീകാരവും നൽകിയില്ല. ചില പേരുകൾ മാത്രമാണിത്.. കലാരംഗത്തെ എത്രയെത്ര മഹദ് വ്യക്തികളെ പാകിസ്താൻ തഴഞ്ഞിട്ടുണ്ട്..
അതൊക്കെയാണ് എന്നെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്.. ഒരിക്കലും പണമായിരുന്നില്ല ആ നീക്കത്തിന് പിന്നിൽ.. കോടികൾ പാകിസ്താനിൽ ഉപേക്ഷിച്ചാണ് ഞാൻ ഇന്ത്യയിലെത്തിയത്. ഇവിടെ എത്തി എല്ലാം ഒന്നേ എന്ന് തുടങ്ങേണ്ടിയും വന്നു. പാകിസ്താൻ പൗരനായത് കൊണ്ടു തന്നെ അതിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും തുടക്കത്തിൽ നേരിട്ടിരുന്നു..
പക്ഷേ ഒരു തുടക്കക്കാരന് വേണ്ടതെല്ലാം ഇന്ത്യയിലെ ജനങ്ങൾ എനിക്ക് നൽകി. ഒരു കലാകാരന്റെ വളർച്ചയ്ക്ക് വേണ്ടത് അവന്റെ സദസ്സിന്റെ പിന്തുണയാണല്ലോ.. ഇന്ത്യ അതെനിക്ക് വേണ്ടുവോളം തന്നു.."
തന്റെ അമ്മയുടെ സംസ്‌കാര ചടങ്ങ് വാട്‌സ്ആപ്പിലൂടെ കാണേണ്ടി വന്നു എന്നാണ് പാക് നടപടിയെ അപലപിച്ച് അദ്‌നാൻ ഇന്റർവ്യൂവിൽ പറയുന്നത്. അതിർത്തി കടക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും പാകിസ്താൻ വിസ നിഷേധിക്കുകയായിരുന്നു.
കഭി തോ നസർ മിലാവോ, തേരാ ചെഹ്‌ര എന്നീ ഗാനങ്ങളിലൂടെയാണ് അദ്‌നാൻ സാമി ഇന്ത്യയിൽ ഹിറ്റാകുന്നത്. 2015ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ച അദ്‌നാന് സർക്കാർ 2016ൽ പൗരത്വം അനുവദിക്കുകയായിരുന്നു.
Adjust Story Font
16

