ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി
ഇന്ത്യയിൽ തനിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ മുത്തഖി ഇന്ത്യ- അഫ്ഗാൻ ബന്ധം ഘട്ടം ഘട്ടമായി കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി

Amir Khan Muttaqi | Photo | X
ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക കലാലയങ്ങളിൽ ഒന്നായ ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ മുത്തഖി ഇന്ത്യ- അഫ്ഗാൻ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
''ഞങ്ങൾ പുതിയ നയതന്ത്രജ്ഞരെ അയക്കും. നിങ്ങളും കാബൂൾ സന്ദർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭാവിയിൽ കൂടുതൽ ശക്തമായ ബന്ധങ്ങളുണ്ടാകുമെന്നാണ് ഡൽഹിയിൽ എനിക്ക് ലഭിച്ച സ്വീകരണത്തിൽ നിന്ന് മനസ്സിലാകുന്നത്. സമീപഭാവിയിൽ ഇത്തരം സന്ദർശനങ്ങൾ പതിവായി ഉണ്ടായേക്കാം''- മുത്തഖി പറഞ്ഞു.
⚡ A Massive crowd gathers at Darul Uloom Deoband in Uttar Pradesh to welcome Afghan foreign minister Amir Khan Muttaqi. pic.twitter.com/apBvXTgIde
— OSINT Updates (@OsintUpdates) October 11, 2025
ഡൽഹിയിൽ നിന്ന് അഫ്ഗാൻ പ്രതിനിധിസംഘത്തോടൊപ്പം റോഡ് മാർഗമാണ് മുത്തഖി ദയൂബന്ദിൽ എത്തിയത്. ദാറുൽ ഉലൂം വൈസ് ചാൻസിലർ അബുൽ ഖാസിം നുഅ്മാനി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അർഷദ് മദനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തിയാണ് മുത്തഖിയെ സ്വീകരിച്ചത്.
ദാറുൽ ഉലൂമിലെ നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും അഫ്ഗാൻ മന്ത്രിയെ സ്വീകരിക്കാനായി കാമ്പസിൽ എത്തിയിരുന്നു. മുത്തഖിക്ക് ഹസ്തദാനം നടത്താൻ ആളുകൾ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മുത്തഖിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസികളും ദയൂബന്ദിലെത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു. ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ദയൂബന്ദിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
ഒക്ടോബർ ഒമ്പതിനാണ് ആറുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മുത്തഖി ഇന്ത്യയിലെത്തിയത്. നാല് വർഷം മുമ്പ് താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തിയ ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ താലിബാൻ നേതാവാണ് മുത്തഖി. ഇന്ത്യയുമായുള്ള ബന്ധം ഘട്ടം ഘട്ടമായി കൂടുതൽ ശക്തമാക്കുമെന്നും ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കുമെന്നും വെള്ളിയാഴ്ച മുത്തഖി പറഞ്ഞിരുന്നു.
Adjust Story Font
16

