Quantcast

ഹരിയാനയിലും 'ബുൾഡോസർ രാജ്; വർഗീയ കലാപത്തിന് പിന്നാലെ 250 കുടിലുകൾ പൊളിച്ചുനീക്കി

സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു കുടിലുകൾ പൊളിച്ചുനീക്കിയത്

MediaOne Logo

Web Desk

  • Published:

    4 Aug 2023 10:25 AM GMT

ഹരിയാനയിലും ബുൾഡോസർ രാജ്; വർഗീയ കലാപത്തിന് പിന്നാലെ 250 കുടിലുകൾ പൊളിച്ചുനീക്കി
X

നൂഹ്: വർഗീയസംഘർഷം ഉണ്ടായ ഹരിയാനയിൽ അനധികൃത കൈയേറ്റം ആരോപിച്ച് കുടിലുകൾ പൊളിച്ചുനീക്കി. 250 ഓളം കുടിലുകളാണ് ബുൾഡോസർ ഉപയോഗിച്ച് സർക്കാർ പൊളിച്ചുനീക്കിയത്. തൗറു മേറലയിലാണ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിയേറ്റക്കാരെ ഒഴിപ്പിച്ചത്. ഏകദേശം നാലുമണിക്കൂറോളമെടുത്താണ് വനിതാ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സുമടക്കമുള്ളവർ ചേർന്ന് കുടിലുകൾ പൊളിച്ചു നീക്കിയത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ തൗറുമേഖലയിൽ അനധികൃതമായി കുടിയേറി താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ഇവർ ഇവിടെ താമസിക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് കുടിലുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിന്റെ മാതൃകയിൽ ഹരിയാനയിലും ബുൾഡോസർ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രണ്ട് ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ബുൾഡോസർ നടപടി കലാപകാരികൾക്കെതിരെയുള്ള നടപടിയാണെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു കുടിലുകൾ പൊളിച്ചുനീക്കിയത്. നടപടിക്കെതിരെ പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സൈന്യം തടഞ്ഞു.

അതേസമയം, നൂഹിൽ കനത്ത ജാഗ്രത തുടരുകയാണ്. രണ്ടുദിവസമായി സംഘർഷങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കേന്ദ്രസേനയുടെ സുരക്ഷ തുടരാനാണ് നിർേദശം. ശനിയാഴ്ച വരെ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞയും തുടരുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട 49 എഫ്‌ഐആറിലുമായി 165 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഹരിയാന പൊലീസ് അറിയിച്ചു. സംഘർഷങ്ങൾക്ക് കാരണമായാതായി പറയുന്ന മോനുമാനേസിറിനെതിരെ തെരച്ചിൽ ഊർജിതമാക്കി. ഒളിവിൽ ഇരുന്ന് മാധ്യമങ്ങൾക്ക് അടക്കം അഭിമുഖം നൽകുന്ന മോനുവിനെ പിടികൂടാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

നൂഹിൽ ഉണ്ടായ സംഘർഷം ആസൂത്രിതമെന്നാണ് എഫ്.ഐ.ആർ. പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനക്കൂട്ടം ആക്രോശിച്ചെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തെ ചൊല്ലി ബി.ജെ.പിയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സംഘർഷത്തിന് കാരണമായ ഘോഷയാത്ര സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്തിനെതിരെ ഹരിയാന ഉപ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവർ രംഗത്തെത്തി. ആഘോഷ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആയുധം നൽകിയത് ആരാണെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദ്രർജിത് സിങ് ചോദിച്ചു.

TAGS :

Next Story