Quantcast

കേരളത്തിനും ബംഗാളിനും പിറകെ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യവും വെട്ടി; റിപബ്ലിക്‍ദിന പരേഡിലും രാഷ്ട്രീയമോ?

നിശ്ചലദൃശ്യത്തിൽ ആദിശങ്കരന്റെ ശിൽപം വയ്ക്കണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ആവശ്യപ്പെട്ടത്. എന്നാൽ, നാരായണഗുരുവിന്റെ ശിൽപമാണ് കേരളം പകരമായി നിർദേശിച്ചത്. ഇത് ജൂറി അംഗീകരിച്ചിരുന്നെങ്കിലും സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2022-01-17 15:18:53.0

Published:

17 Jan 2022 2:12 PM GMT

കേരളത്തിനും ബംഗാളിനും പിറകെ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യവും വെട്ടി; റിപബ്ലിക്‍ദിന പരേഡിലും രാഷ്ട്രീയമോ?
X

പ്രതീകാത്മക ചിത്രം

ഇത്തവണത്തെ റിപബ്ലിക്‍ദിന പരേഡിൽ കേരളത്തിനും ബംഗാളിനും പിറകെ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തിനും അനുമതി നിഷേധിച്ച് കേന്ദ്രം. ടൂറിസം പ്രമേയമായുള്ള കേരളത്തിന്റെ മാതൃകയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് ഏറെ വിവാദമായതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തെയും പരേഡിൽനിന്ന് വെട്ടിയ വാർത്ത ഇന്ന് പുറത്തുവന്നത്. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്. അതിനിടെ ബിജെപി വിരുദ്ധ പാർട്ടികൾ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങൾക്ക് ഒരേസമയം അനുമതി നിഷേധിച്ചത് യാദൃച്ഛികമല്ലെന്നാണ് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നത്.

സംസ്ഥാനത്തെ സ്വാതന്ത്ര്യസമര സേനാനികളും പഴയ രാജാക്കന്മാരും കവികളും ഉൾപ്പെടെയുള്ളവരുടെ ശില്‍പങ്ങള്‍ അടങ്ങിയ നിശ്ചലദൃശ്യം റിപബ്ലിക്ദിന പരേഡിൽ ഉൾപ്പെടുത്താത്തത് നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ വിഒ ചിദംബര പിള്ള, ശിവഗംഗയിൽ ഭരണം നടത്തിയിരുന്ന മരുതു പാണ്ടിയർ, ശിവഗംഗ റാണിയായിരുന്ന വേലു നച്ചിയാർ, കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന സുബ്രമണ്യ ഭാരതി എന്നിവരുടെ നിശ്ചലദൃശ്യങ്ങളായിരുന്നു തമിഴ്‌നാടിന്റെ പ്ലോട്ടിലുണ്ടായിരുന്നത്. ഇവയ്ക്ക് അനുമതി നൽകാത്ത നടപടി സംസ്ഥാനത്തിനും തമിഴ് ജനതയ്ക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

കേരളത്തെയും ഗുരുവിനെയും വെട്ടി

ടൂറിസം പ്രമേയമാക്കിയുള്ള കേരളത്തിന്റെ പ്ലോട്ടിൽ കേന്ദ്രം നിർദേശിച്ച മാറ്റം അംഗീകരിക്കാത്തതാണ് തള്ളാൻ കാരണമെന്നാണ് സൂചന. നിശ്ചലദൃശ്യത്തിൽ ആദിശങ്കരന്റെ ശിൽപം വയ്ക്കണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ആവശ്യപ്പെട്ടത്. എന്നാൽ, നാരായണഗുരുവിന്റെ ശിൽപമാണ് കേരളം പകരമായി നിർദേശിച്ചത്. ഇത് ജൂറി അംഗീകരിച്ചിരുന്നെങ്കിലും സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല.


ചടയമംഗലത്തെ ജടായുപ്പാറയുടെ മാതൃകയ്‌ക്കൊപ്പം പ്രധാന കവാടത്തിൽ ചേർത്തിരുന്ന സ്ത്രീശാക്തീകരണ പ്രതീകങ്ങൾ മാറ്റി ശങ്കരാചാര്യരുടെ ശിൽപം വയ്ക്കാനായിരുന്നു കേന്ദ്ര ജൂറിയുടെ നിർദേശം. എന്നാൽ, മതേതര കേരളത്തിന്റെ പ്രതീകമെന്ന നിലയിൽ ശ്രീനാരായണ ഗുരുവിന്റെ ശിൽപം വയ്ക്കാമെന്ന് കേരളം അറിയിച്ചു. ഇത് ജൂറി അംഗീകരിക്കുകയും ചെയ്‌തെങ്കിലും കേന്ദ്രം പുറത്തുവിട്ട അന്തിമ പട്ടികയിൽ കേരളം പുറത്തായി.

പ്രതികാരരാഷ്ട്രീയമോ?

പ്ലോട്ടുകളെ തിരഞ്ഞെടുക്കുന്നതിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം. പകവീട്ടലും പക്ഷപാതവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മമത ആരോപിച്ചു. നേതാജി സുഭാഷ്ചന്ദ്ര ബോസിൻരെ ജീവിതസംഭാവനകൾ ആസ്പദമായുള്ളതായിരുന്നു ബംഗാളിന്റെ പ്ലോട്ട്. ഇതോടൊപ്പം ഈശ്വർചന്ദ്ര വിദ്യാസാഗർ, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദ ദേശ്ബന്ധു ചിത്രഞ്ജൻ ദാസ്, ശ്രീ അരൊബിന്ദോ, മാതംഗിനി ഹാജ്റാ, കാസി നസ്രുല്‍ ഇസ്‍ലാം, ബിർസ മുണ്ട അടക്കമുള്ളവരുടെ ശില്‍പങ്ങളും പ്ലോട്ടിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്.

കേന്ദ്ര സർക്കാരിന്റെ നടപടി ബംഗാൾ ജനതയെ ഒന്നാകെ വേദനിപ്പിക്കുന്നതാണെന്ന് മമത പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ നടക്കുന്ന റിപബ്ലിക്ദിനാഘോഷത്തിൽ സ്വാതന്ത്ര്യ സമരപോരാളികൾക്ക് സ്ഥാനമില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയത്തിൽ കോൺഗ്രസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ലോക്‌സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതി. നടപടിയിലൂടെ സർക്കാരിന്റെ പക്ഷപാതിത്വമാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎ ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള പകവീട്ടലാണെന്നാണ് കർണാടകയിൽനിന്നുള്ള കോൺഗ്രസ് നേതാവും എംഎൽഎയുമായ ബികെ ഹരിപ്രസാദ് കുറ്റപ്പെടുത്തി.

Summary: After Kerala, West Bengal, Tamil Nadu's proposed tableau for Republic Day parade too rejected

TAGS :

Next Story