കൈയിൽ എകെ-47 തോക്കുമായി യുവാക്കളുടെ ഫുട്ബോള്‍ കളി; മണിപ്പൂരിൽ അഞ്ച് പേര്‍ അറസ്റ്റിൽ
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്

ഇംഫാൽ: കൈയില്‍ എകെ-47 തോക്കുമായി ഫുട്ബോള്‍ കളിക്കുന്ന യുവാക്കളുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ അറസ്റ്റിൽ. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്.
വൈറലായ വീഡിയോയില്‍ ഒരു കൂട്ടം യുവാക്കളുടെ ഫുട്ബോള്‍ കിറ്റില്‍ എകെ-47 അടക്കമുള്ള തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം. തോക്കുകളിൽ ബാരലിന് ചുറ്റും ചുവന്ന റിബണുകൾ കെട്ടിയിരുന്നു. " പതിനഞ്ചോളം അക്രമികള്‍ അത്യാധുനിക ആയുധങ്ങള്‍ അടങ്ങുന്ന ഫുട്ബോൾ കിറ്റുമായി കെ ഗാംനോംഫായ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ യുട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതിനെ തുടര്‍ന്ന് വീഡിയോയിൽ ഉൾപ്പെട്ട അഞ്ച് പേരെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു'' പൊലീസ് എക്സിൽ കുറിച്ചു. മാംഗ്‌ടിൻലെൻ കിപ്‌ജെൻ എന്ന ബെയ്‌മാങ് (26), മാംഗ്ടിൻലെൻ കിപ്ജെൻ(24), സെയ്തെൻമാങ് കിപ്ജെൻ(28), ലുൻമിൻസെയ് കിപ്ജെൻ(21), ലുങ്കോഗിൻ കിപ്ജെൻ(24) എന്നിവരാണ് പിടിയിലായത്. കടുംപച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ആയുധധാരികളായ പുരുഷന്മാർ വീഡിയോയുടെ അവസാനം വേദിയിൽ നൃത്തം ചെയ്യുന്നത് കാണാം.
അതേസമയം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പുരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇംഫാല്‍ താഴ്‍വരയില്‍ തീവ്ര മെയ്തെയ് സംഘടനകൾ പ്രതിഷേധിക്കുമെന്ന സൂചനകള്‍ ശക്തമാണ്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. നിയമസഭ താല്‍ക്കാലികമായി മരവിപ്പിച്ചുനിര്‍ത്തിയിരിക്കുന്നതിനാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അധികാരമേല്‍ക്കാം.എന്നാൽ രാഷ്ട്രപതിഭരണത്തിന്‍റെ കാലയളവില്‍ എംഎല്‍എമാര്‍ക്കിടയില്‍ സമവായമുണ്ടാക്കി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയാണ്.
Adjust Story Font
16