അഹമ്മാദാബാദ് വിമാനദുരന്തം; ഓരോ സെക്കന്റിലും സംഭവിച്ചത് വിശദീകരിച്ച് അന്വേഷണ റിപ്പോർട്ട്
ഇന്ത്യൻ വ്യോമയാന മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്

ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം ഇന്ധനവിതരണം നിലച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന വിതരണത്തിനായുള്ള സ്വിച്ച് 'റണ്ണിൽ' നിന്നും ' കട്ട്ഓഫ്' എന്നതിലേക്ക് മാറിയതായാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യൻ വ്യോമയാന മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
രാജ്യത്തെ നടുക്കിയ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് അപകടം നടന്നത് ഇങ്ങനെ...
11:17AM
ന്യൂഡൽഹിയിൽ നിന്നും ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ ലാൻഡ് ചെയ്തു
1:18:38 PM
അഹമ്മദാബാദ് വിമാനത്താവളത്തിലെ ബേ 34ൽ നിന്നും വിമാനം നീങ്ങിത്തുടങ്ങി
1:25:15 PM
ക്രൂ ടാക്‌സി ക്ലിയറൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ ക്ലിയറൻസ് നൽകി. ടാക്‌സിവേ R4ലൂടെ റൺവേ 23ൽ പുറപ്പെടലിനായി നിരന്നു നിൽക്കുന്നു
1:32:03 PM
വിമാനം ഗ്രൗണ്ട് കണ്ട്രോളിൽ നിന്നും ടവർ കണ്ട്രോളിലേക്ക് മാറ്റി
1:37:33 PM
വിമാനത്തിന് ടേക്ക് ഓഫ് ക്ലിയറൻസ് ലഭിച്ചു
1:37:37 PM
വിമാനം പറന്നുയരാൻ തുടങ്ങുന്നു
1:38:39 PM
വിമാനം പറന്നുയർന്നു. പറന്നുയരുന്നതിന് അനുസരിച്ച് എയർ/ഗ്രൗണ്ട് സെൻസറുകൾ എയർ മോഡിലേക്ക് മാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു
1:38:42 PM
വിമാനത്തിന്റെ പരമാവധി വേഗതയായ 180 നോട്ടിലെത്തി. പിന്നാലെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണത്തിന്റെ സ്വിച്ച് റണ്ണിൽ നിന്നും കട്ട്ഓഫിലേക്ക് മാറുന്നു. ഒരു സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഇത് സംഭവിക്കുന്നത്. ഇന്ധന വിതരണം നിലച്ചതോടെ എഞ്ചിനുകളായ എൻ1, എൻ2 എന്നിവയുടെ ടേക്ക് ഓഫ് വാല്യൂവിൽ മാറ്റം സംഭവിക്കുന്നു.
വലതു ഭാഗത്തെ ചിത്രത്തിൽ ചുവന്ന ചതുരത്തിനുള്ളിലെ രണ്ട് കറുന്ന വട്ടങ്ങളാണ് ഇന്ധന സ്വിച്ചുകൾ. അന്വേഷണ റിപ്പോർട്ടിലെ ചിത്രം
ഈ സമയത്താണ് പൈലറ്റുമാർ തമ്മിൽ ആശയക്കുഴപ്പം ഉണ്ടായതായുള്ള ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്തിനാണ് ഇന്ധന വിതരണം നിർത്തിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറുപടി നൽകുന്നതെന്നുമാണ് കോക്പിറ്റിലെ ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടതിലുള്ളത്.
പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ റാം എയർ ടർബൈൻ(RAT) വിന്യസിക്കുന്നതായും വിമാനത്താവളത്തിന്റെ പരിധി കടക്കുന്നതിന് മുമ്പു തന്നെ വേഗതയിൽ കുറഞ്ഞതായും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
1:38:47 PM
രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം അവതാളത്തിലാവുന്നു. ആർഎടിയുടെ ഹൈഡ്രോളിക് പമ്പ് വഴി ഹൈഡ്രോളിക് പവർ വിതരണം ചെയ്യാൻ തുടങ്ങുന്നു
1:38:52 PM
എഞ്ചിൻ 1ന്റെ ഇന്ധന വിതരണ സ്വിച്ച് കട്ട്ഓഫിൽ നിന്നും റണ്ണിലേക്ക് മാറ്റുന്നു
1:38:56 PM
എഞ്ചിൻ 2ന്റെ സ്വിച്ചും സമാനമായി മാറ്റുന്നു
വിമാനത്തിന്റെ ഇന്ധന വിതരണ സ്വിച്ചുകൾ പറന്നുകൊണ്ടിരിക്കെ റണ്ണിലേക്ക് മാറ്റുമ്പോൾ എഞ്ചിന്റെ ഫുൾ അതോറിറ്റി ഡിജിറ്റൽ കണ്ട്രോൾ വിമാനത്തിന്റെ വേഗത തിരിച്ചുപിടിക്കാൻ കഴിയാറുണ്ട്.
എഞ്ചിൻ 1 സാധാരണ നിലയിലേക്ക് മാറിത്തുടങ്ങിയിരുന്നെങ്കിലും എഞ്ചിൻ 2ന് അതിന് സാധിച്ചില്ല. എഞ്ചിൻ 2 പ്രവർത്തിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
1:39:05 PM
പൈലറ്റുമാരിൽ ഒരാൾ അപകട സന്ദേശം അറിയിച്ചു; ' മെയ് ഡേ, മെയ് ഡേ, മെയ് ഡേ'
1:39:11 PM
വിമാനത്തിൽ നിന്നുള്ള വിവരങ്ങൾ നിലക്കുന്നു. ഇതിന് ശേഷം വിമാനത്തിനകത്ത് എന്ത് സംഭവിച്ചു എന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല.
1:44:44 PM
വിമാനം തകർന്ന് വീഴുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്‌സ് അടക്കമുള്ള സേന പുറപ്പെടുന്നു.
Adjust Story Font
16

