അഹമ്മദാബാദ് വിമാനാപകടം: രക്ഷപെട്ട വിശ്വാഷ് കുമാര്‍ അറസ്റ്റില്‍?; വസ്തുത അറിയാം
ജൂൺ 12നാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്

മുംബൈ: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു വിശ്വാഷ് കുമാര്‍ രമേഷ്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. എന്നാൽ വിശ്വാഷ് കുമാർ അറസ്റ്റിലായി എന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്.
പോസ്റ്റ് വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ പങ്കുവെക്കുകയും അഹമ്മദാബാദ് വിമാനാപകടത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് വിശ്വാഷ് കുമാർ രമേശിനെ അറസ്റ്റ് ചെയ്തതായി അവകാശപ്പെടുകയും ചെയ്തു. അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ബ്രിട്ടീഷ് പൗരനായ വിശ്വാഷിനെ അറസ്റ്റ് ചെയ്തതായാണ് വീഡിയോയിൽ പറയുന്നത്.
എന്നാൽ ഇതുവരെ വിശ്വാഷ് കുമാർ രമേശിനെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്തു എന്ന് അവകാശപ്പെടുന്ന വ്യാജ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. രമേശിനെ ഒരു കേസിലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഹമ്മദാബാദ് സിറ്റി സെക്ടർ-2ലെ അഡീഷണൽ പൊലീസ് കമ്മീഷണർ ജയ്പാൽ സിംഗ് റാത്തോഡ് വ്യക്തമാക്കി. വീഡിയോയിൽ പരാമർശിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. അപകടത്തിൽ വിശ്വാഷ് മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാഷ് എമർജൻസി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ 242 ആളുകളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിൽ 241 പേരും മരണപ്പെട്ടു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
Adjust Story Font
16

