മുസ്‌ലിം സ്ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ്: പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നബിയ ഖാൻ
തീവ്ര വലതുപക്ഷ സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമാണ് ഇതിന് പിന്നിലെന്ന് നബിയ ഖാൻ പറഞ്ഞു

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആക്ടിവിസ്റ്റും കവയിത്രിയുമായ നബിയ ഖാൻ. തീവ്ര വലതുപക്ഷ സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമാണ് ഇതിന് പിന്നിലെന്നും നബിയ ഖാൻ മീഡിയവണിനോട് പറഞ്ഞു.
നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ പുരുഷൻമാരോടൊപ്പം അശ്ലീലമായി ചിത്രീകരിച്ചാണ് പ്രചാരണം. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന അടിക്കുറിപ്പുകളും നൽകുന്നുണ്ട്. മുമ്പ് സുള്ളി ഡീല്‍സിന് ഇരയായവർക്കും അശ്ലീല എഐ ചിത്രങ്ങൾ അയക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ തനിക്കും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും നബിയ ഖാൻ പറഞ്ഞു. കേവലമൊരു ട്രോളായി ഇതിനെ കാണരുതെന്നും അധികാരികളോട് സത്യം പറയാൻ ധൈര്യപ്പെടുന്ന മുസ്‌ലിം സ്ത്രീകളെ ഭയപ്പെടുത്താനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശ്രമമെന്നും നബിയ ഖാൻ കൂട്ടിച്ചേർത്തു.
പല പേജുകളുടെയും പേരില്‍ തന്നെ 'ഹിജാബി' എന്ന് ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോസ്റ്റുകളിലെ ഹാഷ്ടാഗായും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സ്ത്രീവിരുദ്ധ കമന്റുകളും ധാരാളമാണ്. ചിത്രങ്ങൾ കൂടാതെ എഐ ഉപയോഗിച്ച് വിഡിയോകളും നിർമ്മിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവരെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന പേരില്‍ ഓൺലൈനിൽ അപമാനിച്ച സംഭവമായിരുന്നു 'സുള്ളി ഡീൽസ്'. പ്രതിഷേധം ഉയർന്നതിന് തുടർന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16

