Quantcast

'അണ്ണാ ഡിഎംകെ ഇനിയൊരിക്കലും തമിഴ്‌നാട്ടിൽ ജയിക്കില്ല, എടപ്പാടി പാർട്ടിയെ നശിപ്പിച്ചു': ഒ പനീർസെൽവം

"നല്ല ഭരണമാണ് സ്റ്റാലിന്‍ കാഴ്ചവെക്കുന്നത്. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയാണ്''

MediaOne Logo

റിഷാദ് അലി

  • Updated:

    2026-02-27 09:17:51.0

Published:

27 Feb 2026 2:46 PM IST

അണ്ണാ ഡിഎംകെ ഇനിയൊരിക്കലും തമിഴ്‌നാട്ടിൽ ജയിക്കില്ല, എടപ്പാടി പാർട്ടിയെ നശിപ്പിച്ചു: ഒ പനീർസെൽവം
X

ചെന്നൈ: ഡിഎംകെയിൽ ചേര്‍ന്നതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമർശനവുമായി ഒ. പനീർസെൽവം. എടപ്പാടി ഏകാധിപതിയാണെന്നും അഹങ്കാരിയാണെന്നും പനീര്‍സെല്‍വം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാൻ കഴിയാത്ത സാഹചര്യം പളനിസാമി ഉണ്ടാക്കിയെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാലിന് നന്ദി പറഞ്ഞ പനീർസെൽവം തന്റെ കയ്പ്പേറിയ അനുഭവങ്ങൾക്ക് വിരാമമിടാനാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായതെന്നും വ്യക്തമാക്കി. പാർട്ടി ശക്തിപ്പെടുത്തുന്നതിനായി ഡിഎംകെയ്ക്ക് വേണ്ടി തുടർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"നല്ല ഭരണമാണ് സ്റ്റാലിന്‍ കാഴ്ചവെക്കുന്നത്. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയാണ്. തെക്കൻ മേഖലയിൽ നിന്ന് ഒരു നേതാവും ശക്തനാകരുത് എന്ന് ഉറപ്പാക്കാനാണ് പളനിസാമി ശ്രമിക്കുന്നത്. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്, ഇനി ഒരിക്കലും വിജയിക്കാൻ കഴിയാത്ത ഒരു എഐഎഡിഎംകെയെയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്, അതീവ സന്തോഷത്തോടെയാണ് ഡിഎംകെയിൽ ചേർന്നത്''- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയോടെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിൽ പനീർസെല്‍വം ഡിഎംകെയിൽ ചേർന്നത്. അനുയായികൾക്കിടയിൽ 'ഒപിഎസ്' എന്നറിയപ്പെടുന്ന പനീർസെല്‍വം, ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിട്ടാണ് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.

എടപ്പാടിയുടെ നേതൃത്വത്തെ ശക്തമായി തന്നെ തുടക്കം മുതലെ പനീര്‍സെല്‍വം എതിര്‍ത്തിരുന്നു. ഈ നീക്കത്തിനൊടുവിലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പിന്നീട് എടപ്പാടിയോടുള്ള നിലപാട് പനീര്‍സെല്‍വം മയപ്പെടുത്തിയിരുന്നുവെങ്കിലും തിരിച്ചെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതോടെയാണ് മറ്റു വഴികള്‍ തേടാന്‍ പനീര്‍സെല്‍വത്തെ പ്രേരിപ്പിച്ചത്. അത് കൊണ്ടെത്തിച്ചത് ഡിഎംകെയിലേക്കും.

TAGS :

Next Story