Quantcast

മഹാഗഡ്ബന്ധനെതിരെ എഐഎംഐഎമ്മും ബിഎസ്പിയും മത്സരത്തിനിറങ്ങി; ഗോപാൽഗഞ്ചിൽ 1800 വോട്ടിന് ബിജെപി വിജയിച്ചു

ആർജെഡി, ജെഡിയു, കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐഎംഎൽ, എച്ച്എഎം എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരത്തെ നേരിട്ടിരുന്നത്. എന്നാൽ വിജയം കണ്ടെത്താനായില്ല

MediaOne Logo

Web Desk

  • Updated:

    2022-11-06 08:49:57.0

Published:

6 Nov 2022 8:40 AM GMT

മഹാഗഡ്ബന്ധനെതിരെ എഐഎംഐഎമ്മും ബിഎസ്പിയും മത്സരത്തിനിറങ്ങി; ഗോപാൽഗഞ്ചിൽ 1800 വോട്ടിന് ബിജെപി വിജയിച്ചു
X

ന്യൂഡൽഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വിവിധ മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നു. മഹാഗഡ്ബന്ധൻ രൂപവത്കരിച്ച് ബിജെപിയെ എതിരിട്ട, ലാലു പ്രസാദിന്റെ തട്ടകമായ ഗോപാൽഗഞ്ചിൽ ബിജെപി സ്ഥാനാർഥി കുസുമം ദേവി വിജയിച്ചു. 1800 ഓളം വോട്ടുകൾക്കാണ് വിജയം. ഗോപാൽഗഞ്ചിലെ മുൻ എംഎൽഎ സുഭാഷ് സിംഗിന്റെ ഭാര്യയാണ് വിജയിച്ച കുസുമം ദേവി. ആർജെഡിയുടെ മോഹൻ പ്രസാദ് ഗുപ്തയാണ് പരാജയപ്പെട്ടത്. ആർജെഡി, ജെഡിയു, കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐഎംഎൽ, എച്ച്എഎം എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരത്തെ നേരിട്ടിരുന്നത്. എന്നാൽ വിജയം കണ്ടെത്താനായില്ല. ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദിൽ മുസ്‌ലിമീനും മായാവതിയുടെ ബിഎസ്പിയും മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

അതേസമയം, ബിഹാറിലെ തന്നെ മൊകാമ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വമ്പൻ വിജയം നേടി. ബിജെപി സ്ഥാനാർഥി സോനം ദേവിയെയാണിവർ പരാജയപ്പെടുത്തിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ആയുധം കൈവശം വെച്ച കേസിൽ നീലം ദേവിയുടെ ഭർത്താവ് കൂടിയായ സ്ഥലം എംഎൽഎ ആനന്ദ് സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ആർജെഡി മുൻ എംഎൽഎയുടെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു.

'എന്റെ വിജയം സുനിശ്ചമായിരുന്നു, എന്റെ മത്സരത്തിൽ മാറ്റാരുമില്ലെന്ന് ഞാൻ പറഞ്ഞതാണ്, മൊകാമ പരശുറാമിന്റെ ഭൂമിയാണ്. ജനങ്ങളെ വശീകരിക്കാനാകില്ല, വിധ്യായക് ജി (ആനന്ദ് സിംഗ്) ജനങ്ങളെ നന്നായി സേവിച്ചു, അവർ ഇപ്പോൾ ഫലം നൽകുന്നു' നീലം ദേവി എഎൻഐയോട് പറഞ്ഞു.

2005 മുതൽ മൊകാമ സിംഗിന്റെ സ്വന്തം തട്ടകമാണ്. ജെഡിയു ടിക്കറ്റിൽ അദ്ദേഹം രണ്ടു വട്ടം മണ്ഡലത്തിൽ നിന്ന് ജയിച്ചിരുന്നു. 2020 ആർജെഡി സ്ഥാനാർഥിയായും വിജയിച്ചു. എന്നാൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ തന്നെ ഗോപാൽഗഞ്ചിൽ ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയുടെ കുസുമം ദേവിക്ക് ആർജെഡിയുടെ മോഹൻ പ്രസാദ് ഗുപ്തയേക്കാൾ വോട്ട് നേടാനായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ശിവസേന ഉദ്ദവ് ബാൽ താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥി റുതുജാ ലത്‌കെ വിജയിച്ചു. മൊത്തം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 52,507 വോട്ടുകളാണ് റുതുജ നേടിയത്. നോട്ടയാണ് തൊട്ടുപിറകിലുള്ളത്. 10,284 വോട്ടുകളാണ് നോട്ടക്കുള്ളത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയെ 'ജയിപ്പിക്കാൻ പിന്മാറിയെന്ന്' അവകാശപ്പെട്ട് ബിജെപി മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല. റുതുജക്ക് പുറമേ സ്വതന്ത്ര സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. എന്നാൽ നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എതിരാളികൾ 2000 രൂപ നൽകി പ്രചാരണം നടത്തിയെന്ന് ശിവസേന ഉദ്ദവ് പക്ഷം ആരോപിച്ചിരുന്നു. നോട്ടയ്ക്ക് വോട്ടു ചെയ്യുന്നത് പഠിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

യുപി ഗോല ഗോകർനാഥിൽ ബിജെപിയുടെ അമാൻ ഗിരി വിജയിച്ചു. പിതാവ് അരവിന്ദ് ഗിരിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ റെക്കോർഡ് മാർജിനിലാണ് ഇദ്ദേഹം വിജയിച്ചത്. സമാജ്‌വാദി പാർട്ടിയുടെ വിനയ് തിവാരിയായിരുന്നു പ്രധാന എതിർ സ്ഥാനാർഥി. തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർപ്രദേശിലേയും ബിഹാറിലേയും തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണ്ണായകമാണ്. ഹിമാചൽ പ്രദേശ് - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലം ബാധിക്കും. ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശനം ഉയർന്നിരുന്നു.

AIMIM and BSP contest against Mahagadbandhan; BJP won Gopalganj by 1800 votes

TAGS :

Next Story