Quantcast

ബിജെപിയുമായി ബന്ധം? ഹുമയൂൺ കബീറുമായുള്ള സഖ്യം ഉപേക്ഷിച്ച് എഐഎംഐഎം

തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എഐഎംഐഎം

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-10 04:13:10.0

Published:

10 April 2026 8:50 AM IST

ബിജെപിയുമായി ബന്ധം? ഹുമയൂൺ കബീറുമായുള്ള സഖ്യം ഉപേക്ഷിച്ച് എഐഎംഐഎം
X

അസദുദ്ദീൻ ഒവൈസിയും ഹുമയൂണ്‍ കബീറും  Photo-PTI

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹുമയൂൺ കബീറിന്റെ ആം ജനതാ ഉന്നയൻ പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎംഐഎം.

ഹുമയൂൺ കബീറിന്റെ വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ മുസ്‌ലിംകളുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എഐഎംഐഎം വ്യക്തമാക്കി.

ബിജെപിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഹുമയൂൺ കബീർ പറയുന്ന ഒളിക്യാമറ ദൃശ്യം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മുസ്‌ലിം വോട്ടുകൾ മറിക്കാൻ 1000 കോടി രൂപ ബിജെപിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപിക്ക് വഴിയൊരുക്കുകയാണ് ഹുമയൂണ്‍ ചെയ്യുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഹുമയൂൺ കബീർ പ്രതികരിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹുമയൂൺ കബീറിന്റെ വെളിപ്പെടുത്തലുകൾ ബംഗാളിലെ മുസ്‌ലിംകളെ ദുർബലപ്പെടുത്തുന്നതാണെന്നും ദശാബ്ദങ്ങളായുള്ള മതേതര ഭരണത്തിന് ശേഷവും ബംഗാളിലെ മുസ്‌ലിംകള്‍ ദരിദ്രരും അവഗണിക്കപ്പെട്ടവരുമായി തുടരുകയാണെന്ന് ഉവൈസിയുടെ പാർട്ടി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

മുർഷിദാബാദിൽ ബാബരി മസ്ജിദ് നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹുമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തുടർന്നാണ് ആം ജനതാ ഉന്നയൻ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23, 29 തീയതികളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കും.

TAGS :

Next Story