ഷർജീൽ ഇമാം പിന്മാറിയ ബഹാദൂർഗഞ്ച് അടക്കം അഞ്ച് സീറ്റുകളിൽ എഐഎംഐഎമ്മിന് ജയം
ജോകിഹട്, കൊചാധാമൻ, അമോർ, ബൈസി, ഠാക്കൂർഗഞ്ച്, ബഹാദൂർഗഞ്ച് എന്നിവിടങ്ങളിലാണ് പാർട്ടി നേട്ടം കൈവരിച്ചത്

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കി അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകാതെ തെരഞ്ഞെടുപ്പിനിറങ്ങിയ എഐഎംഐഎം സീമാഞ്ചൽ മേഖലയിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചു. എംഎൽഎമാരുടെ കൂറുമാറ്റവും മുസ്ലിം പ്രാതിനിധ്യവും കാരണം 2020ൽ പാർട്ടി നേടിയ അഞ്ച് സീറ്റ് എന്ന അവസ്ഥയിൽ നിന്ന് കൂപ്പുകുത്തുമെന്നായിരുന്നു ഫലം പ്രഖ്യാപിക്കുന്നതിന് മുന്നേയുള്ള വിമർശനം. എന്നാൽ ഫലം പുറത്തുവന്നതോടെ ബിഹാറിൽ വിമർശകരുടെ നിരീക്ഷണങ്ങൾ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് എഐഎംഐഎം.
2020ലെ തെരഞ്ഞെടുപ്പിൽ നേടിയ അഞ്ച് സീറ്റുകളും നിലനിർത്തിയിരിക്കുകയാണ് ഇത്തവണ. സീമാഞ്ചൽ പ്രവിശ്യയിലെ അഞ്ച് സീറ്റുകളിലാണ് നേട്ടം. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഷർജീൽ ഇമാം പിന്മാറിയ ബഹാദൂർഗഞ്ച് അടക്കമുള്ള സീറ്റുകളിലാണ് വിജയം. ഇതോടെ, മുസ്ലിം എംഎൽഎമാർ ഏറ്റവും കൂടുതലുള്ള പാർട്ടിയായി മാറിയിരിക്കുകയാണ് എഐഎംഐഎം.
ജോകിഹട്, കൊചാധാമൻ, അമോർ, ബൈസി, ഠാക്കൂർഗഞ്ച്, ബഹാദൂർഗഞ്ച് എന്നിവിടങ്ങളിലാണ് പാർട്ടി നേട്ടം കൈവരിച്ചത്. ബിഹാറിൽ സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുന്ന ഉവൈസിയുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ന് പുറത്തുവന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുള്ള പ്രയാണത്തിലേക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Adjust Story Font
16

