അഹമ്മദാബാദ് വിമാനാപകടം; ആറ് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു, രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും
മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സം സംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടിൽ നടക്കും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ആറ് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. ഇതുവരെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സം സംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടിൽ നടക്കും.
അതേസമയം അഹമ്മദാബാദ് ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. അപകടത്തിൽപ്പെട്ട 274 പേരുടെ മരണം സംസ്ഥാനസർക്കാർ സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും . ഡിഎൻഎ പരിശോധനകൾ തുടരുന്നതിനിടെ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾ സിവിൽ ആശുപത്രിയുടെ മോർച്ചറിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്.
ജൂൺ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിലുള്ള ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
Adjust Story Font
16

