Quantcast

അജിത് പവാര്‍ ബി.ജെ.പിയുടെ അടിമയാകില്ല: സഞ്ജയ് റാവത്ത്

അജിത് പവാര്‍ ബി.ജെ.പിയോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    13 April 2023 8:33 AM GMT

Ajit Pawar Wont Join BJP Uddhav Leader Sanjay Raut
X

മുംബൈ: എൻ.സി.പിയില്‍ അജിത് പവാറിന്റെ ഭാവി ശോഭനമാണെന്നും അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് കരുതുന്നില്ലെന്നും ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാവ് സഞ്ജയ് റാവത്ത്. വരും ദിവസങ്ങളില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അജിത് പവാര്‍ ബി.ജെ.പിയോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.

മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ വായ്പാതട്ടിപ്പു കേസില്‍ നിന്ന് അജിത് പവാറിനെയും ഭാര്യയെയും ഇ.ഡി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുവരുടെയും പേരില്ല. ഇതോടെയാണ് അജിത് പവാര്‍ ബി.ജെ.പിയോട് അടുക്കുകയാണെന്ന അഭ്യൂഹം പരന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു.

"അജിത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം ബി.ജെ.പിയോടൊപ്പം പോകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ബി.ജെ.പിയുടെ അടിമയാകില്ല. അജിത് പവാറിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്"- സഞ്ജയ് റാവത്ത് പറഞ്ഞു.

എൻ.സി.പി നേതാവ് ശരദ് പവാർ രക്ഷാകര്‍ത്താവാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു- "ഇന്നലെ ഞാനും ഉദ്ധവ് താക്കറെയും ശരദ് പവാറുമായി പല വിഷയങ്ങളിലും ചർച്ച നടത്തിയിരുന്നു. ഞങ്ങളുടെ ബന്ധം ഫെവിക്കോൾ പോലെയാണ്. ആർക്കും അതിനെ വേർപെടുത്താൻ കഴിയില്ല. അതിൽ ആശയക്കുഴപ്പമൊന്നുമില്ല".

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ സഞ്ജയ് റാവത്ത് സ്വാഗതം ചെയ്തു- "പ്രതിപക്ഷ നേതാക്കൾ എന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചാണ്. രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണാനുള്ള നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് യോജിപ്പിലേക്കുള്ള നല്ല ചുവടുവയ്പ്പാണ്, പ്രതിപക്ഷത്തെ എല്ലാവരും ഒന്നിച്ച് പോരാടും".

Summary- Shiv Sena (Uddhav Bal Thackeray) leader Sanjay Raut said that the future of Ajit Pawar is bright with the Nationalist Congress Party (NCP) and he might not join BJP.

TAGS :

Next Story