അജിത് പവാർ സഞ്ചരിച്ച വിമാനം 2023ലും തകർന്നുവീണു
വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ വിടി-എസ്എസ്കെ ലിയർജെറ്റ് 45 എന്ന വിമാനമാണ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്

മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പാവാർ വിമാനാപകടത്തിൽ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. അജിത് പവാറും അംഗരക്ഷകരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു. വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ വിടി-എസ്എസ്കെ ലിയർജെറ്റ് 45 എന്ന വിമാനമാണ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു പവാർ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാവിലെ എട്ട് മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിനുശേഷം ലാൻഡിംഗ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബാരാമതി വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. രണ്ടായി പിളർന്ന വിമാനം തീപിടിച്ച് പൂർണമായും കത്തിനശിച്ചു. നിലവിലെ കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും സാങ്കേതിക തകരാറിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഈ വിമാനം 2023ലും തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. 2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ കനത്ത മഴയ്ക്കിടയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
വിഎസ്ആർ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്,ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നോൺ-ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററാണ്. സ്വകാര്യ ജെറ്റ് ചാർട്ടറുകൾ, മെഡിക്കൽ ഇവാക്വേഷനുകൾ, ഏവിയേഷൻ കൺസൾട്ടൻസി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ് വിഎസ്ആർ വെഞ്ച്വേഴ്സ്. തകർന്നുവീണ വിടി-എസ്എസ്കെ ലിയർജെറ്റ് 45 എക്സ്ആർ 1990കളിൽ 'സൂപ്പർ-ലൈറ്റ്' ബിസിനസ് വിഭാഗത്തിൽ നിർമിച്ചതാണ്.
Adjust Story Font
16

