Quantcast

മഹാരാഷ്ട്രയിലെ 'ദാദാ', ബാരാമതിയുടെ അജിത്; 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പരാജയം അറിയാത്ത നേതാവ്

അജിത് അനന്തറാവു പവാർ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP)യുടെ പ്രധാന നേതാവുമാണ്

MediaOne Logo
മഹാരാഷ്ട്രയിലെ ദാദാ, ബാരാമതിയുടെ അജിത്; 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പരാജയം അറിയാത്ത നേതാവ്
X

മഹാരാഷ്ട്ര: അജിത് അനന്തറാവു പവാർ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP)യുടെ പ്രധാന നേതാവുമാണ്. 'ദാദ' എന്ന വിളിപ്പേരിലാണ് മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തനായത്. 1959 ജൂലൈ 22ന് മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് അജിത് പവാർ ജനിച്ചത്. പിതാവ് അനന്തറാവു ഗോവിന്ദറാവു പവാർ, മാതാവ് ആശാതായി പവാർ. പ്രമുഖ രാഷ്ട്രീയ നേതാവ് ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിതാവിന്റെ മരണത്തോടെ കോളജ് പഠനം പാതിവച്ച് നിർത്തി കുടുംബ പരിപാലനത്തിനായി ഇറങ്ങി. ദേവലാലി പ്രവാറിലെ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സുനേത്ര പവാർ ആണ് അജിത് പവാറിന്റെ ഭാര്യ. മുൻ മഹാരാഷ്ട്ര മന്ത്രി പദംസിംഹ് ബാജിരാവു പാട്ടീലിന്റെ മകൾ കൂടിയാണ് സുനേത്ര. ജയ് പവാർ, പാർത്ഥ് പവാർ എന്നിവർ മക്കളാണ്.

ശരദ് പവാറിന്റെ പാത പിന്തുടർന്നാണ് അജിത് പവാർ രാഷ്ട്രീയത്തിലെത്തിയത്. 1982ൽ ഒരു സഹകരണ ഫാക്ടറിയുടെ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1991ൽ പൂനെ ജില്ലാ സഹകരണ ബാങ്കിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 16 വർഷം ഈ സ്ഥാനത്ത് തുടർന്നു. അതേ വർഷം തന്നെ ബാരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ശരദ് പവാറിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പിന്നീട് 1991 മുതൽ ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നിരവധി തവണ എംഎൽഎയായി വിജയിച്ചു.

44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത നേതാവ് കൂടിയാണ് അജിത് പവാർ. വിവിധ സർക്കാരുകളുടെ ഭാഗമായി മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ തവണ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. ജലസേചനം, ധനകാര്യം, ഗ്രാമവികസനം, കൃഷി, തുടങ്ങിയവയാണ് പ്രധാനമായും കൈകാര്യം ചെയ്ത വകുപ്പുകൾ.

1992ൽ ശരദ് പവാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിസ്ഥാനം, 1999 മുതൽ വിവിധ കാബിനറ്റ് മന്ത്രി സ്ഥാനങ്ങൾ, 2019, 2023 തുടങ്ങിയ കാലഘട്ടങ്ങളിൽ ഉപമുഖ്യമന്ത്രി. 2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്‌ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു. 2023 ജൂലൈയിൽ NCP പിളർത്തി ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചേർന്നു. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരുമായി രാജ്‌ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. പിളർപ്പിന് ശേഷം അജിത് പവാർ വിഭാഗത്തിനാണ് പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. അജിത് പവാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക സംഭവമായിരുന്നു എൻസിപിയുടെ പിളർപ്പ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുടുംബ സംഘർഷമാണ് അജിത് പവാറും ശരദ് പവാറും തമ്മിൽ അരങ്ങേറിയത്. 2024 ഡിസംബർ മുതൽ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായ മഹായുതി സർക്കാരിൽ എകനാഥ് ഷിൻഡെയ്ക്കൊപ്പം ഉപമുഖ്യമന്ത്രി. ഈ പദവിയിൽ തുടരുകയായിരുന്നു അജിത്.

TAGS :

Next Story