Quantcast

'ഫെബ്രുവരി 12ന് എൻസിപി ലയനമുണ്ടാകുമെന്ന് അജിത് പവാർ പറഞ്ഞിരുന്നു, പക്ഷേ...'; വേദന പങ്കുവച്ച് ശരദ് പവാർ

എൻസിപികളുടെ ഒന്നിപ്പ് വേണമെന്ന ആവശ്യം ഇരു വിഭാ​ഗം നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ശക്തമാണ്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-31 04:48:26.0

Published:

31 Jan 2026 10:17 AM IST

Ajit wanted NCP merger on Feb 12 plane crash halted talks Says Sharad Pawar
X

മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ എൻസിപി ലയനത്തിന് അതിയായി ആ​ഗ്രഹിച്ചിരുന്നതായും അതിനായി ഒരു നിശ്ചിത ദിവസം തന്നെ മുന്നോട്ടുവച്ചിരുന്നതായും മുൻ മുഖ്യമന്ത്രിയും എൻസിപി (എസ്പി) മേധാവിയുമായ ശരദ് പവാർ. തന്റെ അനന്തരവൻ കൂടിയായ അജിത് പവാറിന്റെ വിയോ​ഗത്തിന് കാരണമായ വിമാനാപകടം ആ ലയന ചർച്ചകൾക്ക് ഭം​ഗം വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

'ലയനത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഫെബ്രുവരി 12ന് ലയനം ഉണ്ടാകണമെന്ന് അജിത്ത് അഭിപ്രായപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ ആ വിമാനാപകടം ലയന ചർച്ചകളെ തടഞ്ഞു'- ശരദ് പവാർ പറഞ്ഞു. രണ്ട് എൻ‌സി‌പി വിഭാഗങ്ങളുടെയും ലയനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് അജിത് പവാർ നേതൃത്വം നൽകി വരികയായിരുന്നുവെന്നും അത് അന്തിമ ഘട്ടത്തിലായിരുന്നെന്നും എൻസിപി മന്ത്രി നർഹാരി സിർവാളും വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ചകൾ ഫലം കാണുംമുമ്പേ അജിത് പവാർ വിമാനാപകടത്തിൽ മരിക്കുകയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയെന്ന നിലയിലേക്ക് തിരികെയെത്താൻ രണ്ട് എൻസിപികളും ഒരുമിക്കേണ്ടതുണ്ടെന്ന് ഇരുവിഭാ​ഗം നേതാക്കളും പ്രവർത്തകരും ആ​ഗ്രഹിക്കുന്ന കാര്യമാണെന്നും ഇനിയും തങ്ങൾക്ക് വേർപിരിഞ്ഞു നിൽക്കാൻ കഴിയില്ലെന്നും സിർവാൾ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം അമ്മാവൻ ശരദ് പവാറിന്റെ ജന്മദിനത്തിൽ (ഡിസംബർ 12) ഒരു സമ്മാനം എന്ന നിലയിൽ രണ്ട് എൻ‌സി‌പി വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നതായും എന്നാൽ ഒരുമിക്കൽ ആ സമയത്ത് നടന്നില്ലെന്നും എൻ‌സി‌പി (എസ്‌പി) നേതാവ് അങ്കുഷ് കകഡെയും പറഞ്ഞിരുന്നു.

ഇരു എൻ‌സി‌പികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് എൻസിപി (എസ്‌പി) മുൻ മന്ത്രി രാജേഷ് ടോപ്പെയും പറഞ്ഞു. പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും സംയുക്തമായി മത്സരിച്ചതായും എൻ‌സി‌പിയുടെ ക്ലോക്ക് ചിഹ്നത്തിൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അജിത് പവാറിന്റെ അഭാവത്തിൽ, അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറും പാർട്ടി പ്രവർത്തകരുടെ താത്പര്യപ്രകാരം നേതൃത്വം വഹിക്കുകയും രണ്ട് എൻ‌സി‌പികളെയും ലയിപ്പിക്കുകയും വേണമെന്നും മറ്റൊരു നേതാവും മനസ് തുറന്നിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ ഒരുമിക്കുമെന്നും നിർഭാഗ്യവശാൽ, അജിത് പവാറിന് ആ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തിടെ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഇരു വിഭാ​ഗം എൻസിപികളും ഒന്നിച്ചിരുന്നു. എന്നാൽ, രണ്ട് മുനിസിപ്പൽ സ്ഥാപനങ്ങളിലും ബിജെപി നിർണായ ശക്തിയായതോടെ പുനഃസമാഗമം വിജയിച്ചില്ല.

എൻസിപികളുടെ ഒന്നിപ്പെന്നത് മാസങ്ങളായി ഇരു വിഭാ​ഗം നേതാക്കളുടെയും പ്രവർത്തകരുടേയും ആവശ്യമാണ്. ഇതനുസരിച്ച് ഇരു വിഭാ​ഗം നേതാക്കളും പ്രാരംഭ ചർച്ചകളും ആരംഭിച്ചിരുന്നു. ലയനത്തിന്റെ ആദ്യപടിയായിട്ടായിരുന്നു മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സഖ്യം. ഔദ്യോ​ഗിക ലയനം സാധിക്കുന്നതിന് മുമ്പുണ്ടായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ഇരു വിഭാ​ഗം നേതാക്കളും അണികളും.

2023 ജൂലൈയിലാണ് അജിത് പവാർ എൻസിപി പിളർത്തി 40 എംഎൽഎയുമായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ ഭാ​ഗമാവുകയും പിന്നീട് ഉപമുഖ്യമന്ത്രിയായി മാറിയതും. തുടർന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടി എൻസിപി- ശരദ്ചന്ദ്ര പവാർ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. എൻസിപി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് തന്നെയാണ് ലഭിച്ചത്. കാഹളമൂതുന്ന മനുഷ്യൻ ചിഹ്നമാണ് ശരദ് പവാർ വിഭാ​ഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ഇതിനെതിരെ അവർ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയായിരുന്നു.

TAGS :

Next Story