Quantcast

പാക് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള അൽ-ഖ്വയ്ദയുടെ ബന്ധം ശക്തിപ്പെടുന്നു: യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവയുമായുള്ള അൽ-ഖ്വയ്ദയുടെ ബന്ധം ശക്തമായി തുടരുകയാണെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

MediaOne Logo

Web Desk

  • Updated:

    2022-01-19 10:22:25.0

Published:

19 Jan 2022 10:20 AM GMT

പാക് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള അൽ-ഖ്വയ്ദയുടെ ബന്ധം ശക്തിപ്പെടുന്നു: യുഎന്നിലെ ഇന്ത്യൻ പ്രതിനിധി
X

പാകിസ്താൻ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള അൽ-ഖ്വയ്ദയുടെ ബന്ധം ശക്തിപ്പെടുന്നതായി യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ തീവ്രവാദ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂവെന്നും യുഎന്നിൽ ഇന്ത്യ ആരോപിച്ചു. ഗ്ലോബൽ കൗണ്ടർ ടെററിസം കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഇറാഖും അതിന്റെ പ്രാദേശിക അനുബന്ധ സ്ഥാപനങ്ങളും അവരുടെ വിപുലീകരണം ആഫ്രിക്കയിലും ഏഷ്യയിലും ശക്തിപ്പെടുത്തുകയാണെന്നും ഇന്ത്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

അൽ-ഖ്വയ്ദ ഒരു വലിയ ഭീഷണിയായി തുടരുകയാണ്, അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ അവരെ വീണ്ടും ഊർജ്ജസ്വലമാക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവയുമായുള്ള അൽ-ഖ്വയ്ദയുടെ ബന്ധം ശക്തമായി തുടരുകയാണ്. ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ അൽ-ഖ്വയ്ദ വേരുറപ്പിക്കാനുള്ള ശ്രമം നടത്തുന്നു,' ടി.എസ് തിരുമൂർത്തി പറഞ്ഞു. എല്ലാ യുഎൻ അംഗ രാജ്യങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഭീകരവാദത്തെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിടത്ത് നടക്കുന്ന തീവ്രവാദം മറ്റൊരിടത്ത് സമാധാനത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കുമെന്നാണ് യുഎൻ ഇന്ത്യൻ പ്രതിനിധിയുടെ വിലയിരുത്തൽ.

തീവ്രവാദം അതിന്റെ എല്ലാ രൂപത്തിലും പ്രകടനത്തിലും അപലപിക്കപ്പെടേണ്ടതാണ്. തീവ്രവാദം ഏതെങ്കിലും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ കൂട്ടിയിണക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരവും രാഷ്ട്രീയപരവുമായ കാരണങ്ങളെ മുൻനിർത്തി തീവ്രവാദത്തെ തരംതിരിക്കുന്ന യുഎൻ അംഗ രാജ്യങ്ങളുടെ പ്രവണതയെ 'അപകടകരം' എന്നാണ് ഇന്ത്യൻ പ്രതിനിധി വിശേഷിപ്പിച്ചത്. ഭീകരവാദികളെ 'നിങ്ങളുടെ തീവ്രവാദികൾ', 'എന്റെ ഭീകരർ' എന്നിങ്ങനെ തരംതിരിക്കുന്നത് ശരിയല്ലെന്നും തിരുമൂർത്തി വ്യക്തമാക്കി.

TAGS :

Next Story