ബുക്ക് ചെയ്തിരിക്കുന്നത് 70 മുറികൾ; ദിവസം ഭക്ഷണച്ചെലവ് മാത്രം 8 ലക്ഷം! ശിവസേന വിമതർക്ക് ആഡംബര ജീവിതം

ഗുവാഹത്തി നഗരത്തിൽനിന്നു മാറിയാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ മാറ്റി സുരക്ഷാ ചുമതല അസം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. നിലവിൽ ഹോട്ടലിൽ മുറിയെടുത്തവരുടെ വാഹനങ്ങൾ മാത്രമേ ഇങ്ങോട്ട് കടത്തിവിടുന്നുള്ളൂ

MediaOne Logo

Web Desk

  • Updated:

    2022-06-25 08:37:59.0

Published:

23 Jun 2022 5:11 PM GMT

ബുക്ക് ചെയ്തിരിക്കുന്നത് 70 മുറികൾ; ദിവസം ഭക്ഷണച്ചെലവ് മാത്രം 8 ലക്ഷം! ശിവസേന വിമതർക്ക് ആഡംബര ജീവിതം
X

ഗുവാഹത്തി: മഹാരാഷ്ട്രയിൽ തുടരുന്ന ഭരണപ്രതിസന്ധിക്കിടെ രാജ്യത്തിന്റെ കണ്ണുമുഴുവൻ അസം തലസ്ഥാനമായ ഗുവാഹത്തിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തോട് അതൃപ്തിയുമായി ഏക്‌നാഥ് ഷിൻഡെയുടെ ക്യാംപിലേക്ക് കൂടുമാറിയ ശിവസേന എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്നത് ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ്. അത്യാഡംബര സൗകര്യങ്ങളുള്ള ഹോട്ടലിൽ ഒറ്റ മുറിയുടെ ഒരു ദിവസത്തെ വാടക കേട്ടാൽ കണ്ണുതള്ളിപ്പോകും.

ആഡംബരവും പ്രകൃതിക്കാഴ്ചകളും

ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള പ്രശസ്തമായ സൈറാഘട്ട് പാലത്തിന് ഏതാനും കി.മീറ്ററുകൾ മാത്രം ദൂരത്താണ് റാഡിസൺ ബ്ലൂ സ്ഥിതി ചെയ്യുന്നത്. അസമിലെ പ്രമുഖ തീർത്ഥാടന, ടൂറിസ്റ്റ് കേന്ദ്രമായ കാമാഖ്യ ക്ഷേത്രവും തൊട്ടടുത്താണുള്ളത്. ബ്രഹ്മപുത്രയുടെയും അതിനോട് ചേർന്നുനിൽക്കുന്ന പർവതനിരയുടെയും നയനമനോഹരകാഴ്ചകളിലേക്ക് മുഖംതിരിഞ്ഞാണ് ഹോട്ടലുള്ളത്.

മനോഹരമായ ഹോട്ടലിലെ ഓരോ മുറിയിലും അടിസ്ഥാനമായുള്ള എ.സി, വൈഫൈ, ടെലിവിഷൻ സൗകര്യങ്ങൾക്കു പുറമെ ആഡംബരക്കമ്പക്കാരെ ആകർഷിക്കുന്ന വേറെയും നിരവധി ഘടകങ്ങളുണ്ട്. ഓരോ മുറിയിലും ബ്രഹ്മപുത്രയിലേക്ക് തിരിഞ്ഞുള്ള സീറ്റിങ് ഏരിയ, മിനി ബാർ അതിൽ ചിലതു മാത്രം.

ഇതോടൊപ്പം ഹോട്ടലിൽ മുഴുവൻ വൈഫൈ സൗകര്യമുണ്ട്. പുറത്തും കഫേ, ബാർ, കബാബ് ഫാക്ടറി, മൾട്ടി ക്യൂസിൻ റെസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ട് ഔട്ട്‌ഡോർ സ്വിമ്മിങ് പൂളുകളു മറ്റു റീക്രിയേഷൻ സൗകര്യങ്ങളും ഇതിനു പുറമെ.

സുരക്ഷാ കവചത്തിനകത്തെ 'ഒളിവുജീവിതം'

ഹോട്ടലിൽ 70 മുറികളാണ് വിമതരെ പാർപ്പിക്കാനായി വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്. ഒരു ആഴ്ചത്തേക്കാണ് ഇവ വാടകയ്‌ക്കെടുത്തിരിക്കുന്നത്. നേരത്തെ, ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലായിരുന്നു വിമതരെ പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽനിന്ന് എല്ലാവരെയും വളരെ രഹസ്യമായി ഹോട്ടലുകളിലെത്തിച്ചത്. പിന്നീട് ഇവിടെനിന്ന് ഇന്നലെയാണ് ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ അസമിലേക്ക് ഇവരെ കൊണ്ടുപോയത്.

ഗുവാഹത്തിയിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലാണ് റാഡിസൺ ബ്ലൂ. അത്യാഡംബര സൗകര്യങ്ങളോടെയുള്ള 196 മുറികളാണ് ഹോട്ടലിലുള്ളത്. ഓപറേഷന്റെ ഭാഗമായി 56 ലക്ഷത്തിനാണ് ഒരാഴ്ചത്തേക്കായി ഷിൻഡെ 70 റൂമുകൾ വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഇതിനു പുറമെ ഭക്ഷണത്തിനും മറ്റു സർവീസുകൾക്കുമായി ദിവസം എട്ടു ലക്ഷം രൂപ അധിക ചെലവും വരുന്നുണ്ട്.

പുതിയ സാഹചര്യത്തിൽ ശിവസേന വിമതർക്കു വേണ്ടി ഷിൻഡെ ക്യാംപ് ബുക്ക് ചെയ്ത 70 മുറികൾക്കു പുറമെ പുറത്തുനിന്ന് നിലവിൽ പുതിയ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്. നേരത്തെ ഹോട്ടലിൽ മുറിയെടുത്തവർ മാത്രമാണ് ശിവസേന സംഘത്തിനു പുറമെ ഇവിടെയുള്ളത്. ഇതോടൊപ്പം ഹോട്ടലിലെ പുറത്തുനിന്നുള്ളവർക്കുള്ള റെസ്‌റ്റോറന്റും അടച്ചിരിക്കുകയാണ്.

എന്നാൽ, ഹോട്ടൽചെലവിനുമപ്പുറത്ത് കോടികളായിരിക്കും 'ഓപറേഷൻ താമര'യ്ക്കായി ചെലവിടേണ്ടിവരിക എന്നുറപ്പാണ്. എം.എൽ.എമാരെ മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തിലേക്കും അവിടെനിന്ന് അസമിലേക്കും എത്തിച്ചത് ചാർട്ടർ ചെയ്ത വിമാനങ്ങളിലാണ്. ഇതിനു പുറമെ ഇവരെ ഹോട്ടലുകളിൽ എത്തിച്ച ഗതാഗത ചെലവുകളും മറ്റു പലതരത്തിലുള്ള ആഡംബര ചെലവുകളുമെല്ലാം ഇതിനു പുറമെ വരും. എല്ലാത്തിനും മുകളിൽ കോടികൾ വാരിയെറിഞ്ഞാണ് ഓരോ എം.എൽ.എയെയും വലവീശിപ്പിടിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

മാധ്യമപ്രവർത്തകർക്കും വിലക്ക്

ഗുവാഹത്തിയുടെ നഗരമധ്യത്തിൽനിന്നു മാറിയാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. നഗരപ്രാന്തത്തിലുള്ള ഹോട്ടലിലേക്ക് മാധ്യമപ്രവർത്തകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതീവ സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ മാറ്റി സുരക്ഷാ ചുമതല അസം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. നിലവിൽ ഹോട്ടലിൽ മുറിയെടുത്തവരുടെ വാഹനങ്ങൾ മാത്രമേ ഇങ്ങോട്ട് കടത്തിവിടുന്നുള്ളൂ.

ഇങ്ങനെയൊരു സാഹചര്യം ഇതാദ്യമായാണ് തങ്ങൾ നേരിൽ കാണുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷം മാത്രമേ പുറത്തുനിന്നു വരുന്നവർക്കെല്ലാം അകത്തേക്ക് പ്രവേശനം നൽകുന്നുള്ളൂവെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ഹോട്ടലിലെത്തിയിരുന്നതായി വിവരമുണ്ട്. ഹോട്ടലിലെ സുരക്ഷാകാര്യങ്ങൾക്കടക്കം മേൽനോട്ടം വഹിക്കുന്നത് അസം മുഖ്യമന്ത്രി നേരിട്ടാണ്. ഇതൊരു സുവർണനിമിഷമായാണ് സംസ്ഥാന ബി.ജെ.പി ഘടകം കാണുന്നത്. അസമിൽനിന്നുള്ള ബി.ജെ.പി എം.പിയായ പല്ലബ് ലോചൻ ദാസ്, എം.എൽ.എ സുശാന്ത ബോറോഹൈൻ എന്നിവർ ഗുവാഹത്തി രാജ്യാന്തര വിമാനത്താവളത്തിൽ ശിവസേന വിമതരെ സ്വീകരിക്കാനെത്തുക പോലും ചെയ്തിരുന്നു.

Summary: All things to know about Guwahati's Radisson Blu hotel, where where rebel Shiv Sena MLAs from Maharashtra are staying

TAGS :

Next Story

Videos