പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമർശം; ലഖ്‌നൗ യൂണിവേഴ്‌സിറ്റി പ്രൊഫസർക്ക് ഇടക്കാല മുൻകൂർ ജാമ്യം
ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മാദ്രി കകോട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ലഖ്‌നൗ: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമർശത്തിൽ ലഖ്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ മാദ്രി കകോട്ടിക്ക് അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. എബിവിപി നേതാവ് ജതിൻ ശുക്ലയുടെ പരാതിയിൽ ലഖ്‌നൗവിലെ ഹസൻഗഞ്ച് പൊലീസ് ആണ് കകോട്ടിക്ക് എതിരെ ഈ വർഷം ഏപ്രിലിൽ കേസ് രജിസ്റ്റർ ചെയ്തത്.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള കകോട്ടിയുടെ എക്‌സ് പോസ്റ്റ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തിനും എതിരാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാവി ഭീകരർ എന്ന പദം കകോട്ടി തുടർച്ചയായി ഉപയോഗിച്ചു, കക്കോട്ടിയുടെ ചില പോസ്റ്റുകൾ പാകിസ്താനി വാർത്താ ചാനലുകൾ ഷെയർ ചെയ്തു തുടങ്ങിയ ആരോപണങ്ങളും പരാതിക്കാൻ ഉന്നയിച്ചിരുന്നു.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ കേന്ദ്രസർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ചുകൊണ്ടായിരുന്നു കകോട്ടിയുടെ എക്‌സ് പോസ്റ്റ്.
തന്നെയും നിങ്ങളെയും പോലുള്ള 27 സാധാരണക്കാരാണ് പഹൽഗാമിൽ കൊല്ലപ്പെട്ടത്. മാധ്യമങ്ങൾ ടിആർപി റേറ്റിങ് കൂട്ടാനുള്ള തിരക്കിലാണ്. അധികാരത്തിലിരിക്കുന്നവരോട് ഗൗരവമുള്ള ചോദ്യങ്ങൾ ആരും ചോദിക്കുന്നില്ലെന്നും കകോട്ടി എക്‌സ് പോസ്റ്റിൽ പറഞ്ഞിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി വിദ്യാർഥികൾ നേരിട്ട ആക്രമണങ്ങളെയും വിവേചനത്തെയും കകോട്ടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16

