ദിഷ സാലിയന്റെ മരണം കൊലപാതകമെന്ന് ആരോപണം; ആദിത്യ താക്കറെയ്‌ക്കും ഡിനോ മോറിയയ്‌ക്കുമെതിരെ പിതാവ്
2020 ജൂൺ 8 നാണ് മുംബൈയിലെ മാലാഡിലെ സമുച്ചയത്തിൽ ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമായിരുന്നു മുംബൈ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ ശിവസേന യു.ബി.ടി നേതാവ് ആദിത്യ താക്കറെയ്ക്കും നടൻ ഡിനോ മോറിയയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് പിതാവ് സതീഷ് സാലിയൻ രംഗത്ത്. ഇതിനു മുൻപും ബി.ജെ.പി നേതാവ് നാരായൺ റാണെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച സി.ബി.ഐ സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡി.എസ്.പി പുരൺ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ സി.ബി.ഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ദിഷയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസ് രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ മാൽവാണി പൊലീസിന് കത്തയച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും പുനരന്വേഷണം സി.ബി.ഐക്ക് കൈമാറാനും ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.അതേസമയം അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ മുതിർന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
2020 ജൂൺ 8നാണ് മുംബൈയിലെ മാലാഡിലെ സമുച്ചയത്തിൽ ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമായിരുന്നു മുംബൈ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സതീഷ് സാലിയൻ ഹൈക്കോടതിയെ സമീപിക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം , സി.ബി.ഐ അന്വേഷണത്തിന് നിർദേശം നൽകിയ ഹൈക്കോടതി വിധിയിൽ, ആരെയും എഫ്.ഐ.ആറിൽ പ്രതികളായി ചേർക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

