''വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, അവരും നമ്മുടെ സഹോദരങ്ങളല്ലേ''; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ
ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.
മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ''ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു'' ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.
ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. "വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്," ഹൈദർ ഓർമിച്ചു. "ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. "അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?" അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ''വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു." അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.
ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
#WATCH | #PahalgamTerroristAttack | Anantnag, J&K | A local, Syed Adil Hussain Shah, died in Pahalgam Terror attack while trying to save the tourists.
— ANI (@ANI) April 24, 2025
His father, Hyder Shah, says, "... I am very proud of him and his sacrifice. I am alive because of the pride I am feeling.… pic.twitter.com/rU4MEWDcGK
Adjust Story Font
16

