Quantcast

'ദിവസവും 14 മുതൽ 16 മണിക്കൂര്‍ വരെ ജോലി, ഉറങ്ങുന്നത് 2 മണിക്ക്; ഞാൻ മരിക്കാൻ പോവുകയാണോ?': താൻ കോര്‍പറേറ്റ് അടിമയാണെന്ന് ബെംഗളൂരു യുവാവ്

പേര് വെളിപ്പെടുത്താതെ റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Updated:

    2025-05-13 07:39:00.0

Published:

13 May 2025 1:08 PM IST

corporate employee
X

ബെംഗളൂരു: ''പുറമെ നിന്നു നോക്കുന്നവര്‍ക്ക് ഇറ്റ്സ് ആൻ ഇന്‍ററസ്റ്റിംഗ് ജോബ്, പക്ഷെ ഞാൻ പറയുന്നു.. ഇതുപോലൊരു നശിച്ച ജോലി'' എന്ന് പറയുന്നതുപോലെയാണ് കോര്‍പറേറ്റ് ജോലിയുടെ കാര്യം. കനത്ത ശമ്പളവും ആവശ്യത്തിന് അവധിയും സ്ഥാനമാനങ്ങളും ഉണ്ടെങ്കിലും കോര്‍പറേറ്റ് കമ്പനികളിലെ ജീവനക്കാരെപ്പോലെ ടെൻഷൻ അനുഭവിക്കുന്നവര്‍ വേറെയില്ലെന്ന് പറയാം. മര്യാദക്ക് ഭക്ഷണം കഴിക്കാനോ കൃത്യസമയത്ത് ഉറങ്ങാനോ ഇവര്‍ക്ക് സാധിക്കാറില്ല. ഭൂരിഭാഗം പേരും ജീവിതശൈലീ രോഗങ്ങളാൽ വലയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കഠിനമായ ജോലിഭാരം തളര്‍ന്നുപോയ അനുഭവം പങ്കുവയ്ക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ്. പേര് വെളിപ്പെടുത്താതെ റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

കരിയറിന്‍റെ തുടക്കം മുതൽ താൻ കോര്‍പറേറ്റ് അടിമയാണെന്നും വിഷലിപ്തമായ തൊഴിൽ അന്തരീക്ഷം തന്നെ തകര്‍ത്തുകളഞ്ഞുവെന്നും ഇയാൾ പറയുന്നു. ദിവസവും 14 മുതൽ 16 മണിക്കൂര്‍ വരെയാണ് താൻ ജോലി ചെയ്യാറുള്ളത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് പലപ്പോഴും ഉറങ്ങുന്നത്. എങ്കിലും എന്നും രാവിലെ കൃത്യം 9 മണിക്ക് തന്നെ ഓഫീസിലെത്താറുണ്ടെന്ന് യുവാവ് പറയുന്നു. 2022 ആഗസ്തിലാണ് യുവാവ് ഇപ്പോഴുള്ള കമ്പനിയിൽ ജോയിൻ ചെയ്യുന്നത്. മൂന്ന് വര്‍ഷത്തിനുള്ളിൽ 24 കിലോ ഭാരം കൂടി. ക്രമരഹിതമായ ഉറക്കം, നീണ്ടുപോകുന്ന ജോലി, മണിക്കൂറുകളോളമുള്ള ഇരിപ്പ് എന്നിവ മൂലം യുവാവിന്‍റെ ആരോഗ്യനില തകരാറിലായി. "നിങ്ങളിൽ മിക്കവരെയും പോലെ ഞാനും ഇന്ത്യയിലെ ഒരു കോർപ്പറേറ്റ് അടിമയാണ്," അദ്ദേഹം കുറിക്കുന്നു. തന്‍റെ കാര്യമോര്‍ത്ത് തന്‍റെ അമ്മയ്ക്ക് ആശങ്കയുണ്ടെന്നും ജോലി തന്‍റെ കുടുംബ ജീവിതത്തെ ബാധിച്ചുവെന്നും യുവാവ് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ താൻ എങ്ങും യാത്ര ചെയ്തിട്ടില്ലെന്നും, താൻ താമസിക്കുന്ന ബെംഗളൂരുവിനടുത്തുള്ള നന്ദി ഹിൽസിലേക്ക് പോലും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ജീവിതത്തിലെ ഒരേയൊരു പോസിറ്റീവ് സാന്നിധ്യമായി കാമുകി ഇപ്പോഴും ഉണ്ടെങ്കിലും അവളെ അവഗണിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാന്ത്യത്തിൽ പോലും ജോലി ചെയ്യേണ്ടി വരുന്നതായി യുവാവ് പറയുന്നു. ''പലപ്പോഴും അവധികൾ റദ്ദാക്കിക്കൊണ്ട് ഞാൻ ജോലി ചെയ്യാറുണ്ട്. ഒരു നല്ല ജോലിക്കാരനാകാൻ ഞാൻ എന്നാലാവും വിധം ചെയ്യുന്നു. പക്ഷെ എന്നിട്ടും എനിക്ക് സംതൃപ്തിയില്ല, സന്തോഷമോ സമാധാനമോ ഇല്ല. ഒരു ഇടവേള എടുക്കാനോ, മറ്റൊരു ജോലി നോക്കാനോ സാധിക്കാത്ത വിധം ഞാൻ മാനസികമായി തളര്‍ന്നുപോയി'' പോസ്റ്റിൽ കുറിച്ചു. "ഇനി ഞാൻ എന്തുചെയ്യണം? ഞാൻ ശരിക്കും മരിക്കുകയാണോ?" എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ''നിലവിലെ ജോലി രാജി വയ്ക്കേണ്ടതില്ല, നിങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണ്. സിനിമ കാണുക, ഒരു പഴയ സുഹൃത്തിനെ കാണുക, അല്ലെങ്കിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ചെറിയ എന്തെങ്കിലും കാര്യം ചെയ്യുക'' ഒരു ഉപയോക്താവിന്‍റെ അഭിപ്രായം ഇങ്ങനെയായിരുന്നു.

TAGS :

Next Story