Quantcast

അമരാവതിയിലെ മരുന്നുകട ഉടമയുടെ കൊലപാതകം; എൻഐഎ അന്വേഷണം തുടങ്ങി

കേസിൽ അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    3 July 2022 4:27 AM GMT

അമരാവതിയിലെ മരുന്നുകട ഉടമയുടെ കൊലപാതകം; എൻഐഎ അന്വേഷണം തുടങ്ങി
X

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ മരുന്നുകട ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങി. യുഎപിഎ, കലാപശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 21നാണ് 54 കാരനായ മരുന്നുകട ഉടമ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെ കൊല്ലപ്പെട്ടത്. പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.

കേസിൽ അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു. അമരാവതി സ്വദേശികളായ മുദ്ദസിൽ അഹമ്മദ് (22), ഷാരൂഖ് പത്താൻ (25), അബ്ദുൽ തൗഫീഖ് (24), ഷുഐബ് ഖാൻ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഇർഫാൻ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് അമരാവതി പൊലീസ് കമ്മീഷണർ ആരതി സിങ് പറഞ്ഞു.

ജൂൺ 21ന് കടയടച്ച് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ഉമേഷിന് നേരെ ആക്രമണമുണ്ടായത്. ഈ സമയം മറ്റൊരു വാഹനത്തിൽ മകനും ഭാര്യയും ഇയാളെ അനുഗമിക്കുന്നുണ്ടായിരുന്നു. ഇവർ മഹിളാ കോളജിന്റെ ഗേറ്റിന് സമീപമെത്തിയപ്പോൾ രണ്ട് മോട്ടോർ സൈക്കിളിൽ എത്തിയവർ ഉമേഷിന്റെ വഴി തടയുകയും ഒരാൾ ബൈക്കിൽനിന്നിറങ്ങി ഇയാളുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

TAGS :

Next Story