Quantcast

ഭൂമി കൈയേറ്റ ആരോപണം; അമർത്യാ സെന്നിനെ സന്ദർശിച്ച് രേഖകൾ കൈമാറി, 'ഇസെഡ്' സുരക്ഷ പ്രഖ്യാപിച്ച് മമത

അമര്‍ത്യാ സെന്നിനെ താറടിക്കുന്നത് ബി.ജെ.പി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മമത വിശ്വഭാരതിയെ കാവിവൽക്കരിക്കരുതെന്നും നിര്‍ദേശിച്ചു

MediaOne Logo

Web Desk

  • Published:

    30 Jan 2023 2:29 PM GMT

AmartyaSen, landgraballegations, MamataBanerjee
X

കൊൽക്കത്ത: ഭൂമി കൈയേറ്റ ആരോപണങ്ങൾക്കു പിന്നാലെ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യാ സെന്നിനെ സന്ദർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിർഭൂമിലെ ശാന്തിനികേതൻ വസതിയിൽ നേരിട്ടെത്തി മമത ഭൂരേഖകൾ കൈമാറി. അദ്ദേഹത്തിന് 'ഇസെഡ്' സുരക്ഷയൊരുക്കാനും വീടിനു പുറത്ത് പ്രത്യേക പൊലീസ് ക്യാംപ് ഒരുക്കാനും ഡി.ജി.പിയോട് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ബോൽപൂർ ശാന്തിനികേതനിലെ വിശ്വഭാരതി കേന്ദ്ര സർവകലാശാലയാണ് അമർത്യാ സെന്നിനെതിരെ ഭൂമി കൈയേറ്റം ആരോപിച്ചത്. അദ്ദേഹത്തിന്റെ വസതി അടങ്ങുന്ന സ്ഥലം സർവകലാശാലാ ഭൂമിയിൽനിന്ന് കൈയേറിയതാമെന്നും അതു തിരിച്ചുനൽകണമെന്നുമാണ് സർവകലാശാല കത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ, സർവകലാശാലാ കാംപസിനോട് ചേർന്നുള്ള ഭൂമി തന്റെ അച്ഛൻ വിലയ്ക്കു വാങ്ങിയതാണെന്നും ബാക്കി ഭാഗം പാട്ടത്തിന് എടുത്തതാണെന്നുമായിരുന്നു അമർത്യാ സെന്നിന്റെ വിശദീകരണം.

സംഭവം വിവാദമായതിനു പിന്നാലെയാണ് മമത അദ്ദേഹത്തെ നേരിട്ടെത്തി സന്ദർശിച്ചത്. അമർത്യാ സെന്നിനെ അപകീർത്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമമെന്ന് മമത ആരോപിച്ചു. കാവിവൽക്കരണം നിർത്തിവച്ച് വിശ്വഭാരതി നേരായ നിലയ്ക്ക് പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'ശാന്തിനികേതനെ(വിശ്വഭാരതി) ഞാൻ ആദരിക്കുന്നുണ്ട്. എന്നാൽ, സർവകലാശാല സമാധാനപരമായി തുടരുമോ, അതോ തകർക്കപ്പെടുമോ? ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഈ വിശ്വഭാരതിയെയാണ് (രബീന്ദ്രനാഥ) ടാഗോർ ഭാവന ചെയ്തത്? അമർത്യാ സെന്നിനെ അപമാനിക്കുന്നവർ തലകുനിച്ച് മാപ്പുപറയേണ്ടിവരും'-മമത പറഞ്ഞു.

ടാഗോറിന്റെ നൊബേൽ പുരസ്‌കാരം എവിടെപ്പോയി? അതിന് ആദ്യം ഉത്തരം പറയണമെന്നും അവർ ആവശ്യപ്പെട്ടു. ടാഗോറിന്റെ നൊബേൽ പുരസ്‌കാരം മുൻപ് വിശ്വഭാരതി കാംപസിൽനിന്ന് മോഷണം പോയിരുന്നു. സി.ബി.ഐ അന്വേഷണം നടത്തിയിട്ടും ഇതു കണ്ടെത്താനായിട്ടില്ല. വിശ്വഭാരതിയെ കാവിവൽക്കരിക്കാനാണ് വി.സി വിദ്യുത് ചക്രവർത്തിയുടെ ശ്രമമെന്നും മമത വിമർശിച്ചു.

Summary: Amid allegations of unauthorized occupation against Nobel laureate Amartya Sen by Visva-Bharati, West Bengal CM Mamata Banerjee handed over land-related documents to him, and announces Z Plus Security for the renowned Indian economist

TAGS :

Next Story