ഇന്ത്യയിലെ പാൽ വിപണി ലക്ഷ്യമിട്ട് അംബാനി; വെറും 20 രൂപയ്ക്ക് ജോയ്ലാൻഡ്, ഐടിസിക്കും അമുലിനും വെല്ലുവിളി
റെഡി ടു ഡ്രിങ്ക് ഡയറി പാനീയങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം

ന്യൂഡൽഹി: ഫ്ലേവേർഡ് മിൽക്ക് വിപണിയിലേക്ക് ചുവടുവച്ച് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്. 20 രൂപ വിലയുള്ള ‘ജോയ്ലാൻഡ്’ ഫ്ലേവേർഡ് മിൽക്ക് തമിഴ്നാട്ടിലാണ് കമ്പനി അവതരിപ്പിക്കുന്നത്. റെഡി ടു ഡ്രിങ്ക് ഡയറി പാനീയങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. കൂടാതെ, താങ്ങാനാവുന്ന വിലയിൽ പാനീയങ്ങൾ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
ഫ്ലേവേർഡ് മിൽക്ക് വിപണിയിൽ അമുൽ കൂൾ, മദർ ഡയറി, നന്ദിനി, സൺഫീസ്റ്റ് സ്മൂത്ത്, കേവിൻസ് തുടങ്ങിയ ബ്രാൻഡുകൾക്ക് നിലവിൽ നല്ല പ്രചാരമുണ്ട്. ഈ വിപണിയിലേക്കുള്ള റിലയൻസിന്റെ പ്രവേശനം കമ്പനികൾ തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
10 രൂപ വിലയുള്ള ക്യാമ്പ സോഫ്റ്റ് ഡ്രിങ്കിലൂടെ ശീതളപാനീയ വിപണിയിൽ ശ്രദ്ധ നേടിയ റിലയൻസ്, ഇപ്പോൾ പാൽ അടിസ്ഥാനമാക്കിയുള്ള പാനീയ വിപണിയിലേക്കും കടക്കുകയാണ്. കൊക്കക്കോള, പെപ്സി തുടങ്ങിയ ആഗോള ബ്രാൻഡുകളുമായി മത്സരിക്കുന്ന ക്യാമ്പയുടെ വരവിന് പിന്നാലെയാണ് പുതിയ നീക്കം.
ഉപഭോക്താക്കൾക്കിടയിൽ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് കമ്പനികളെ ഈ വിഭാഗത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
മിന്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഫ്ലേവേർഡ് മിൽക്ക് വിപണി ഈ വർഷം 8,360 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025ൽ വിപണിയുടെ മൂല്യം 7,600 കോടി രൂപയായിരുന്നു.
എന്നാൽ 20 രൂപ എന്ന വില മാത്രം വിപണിയിൽ വലിയ മത്സരനേട്ടം നൽകണമെന്നില്ല. നിലവിലുള്ള പല പ്രമുഖ ബ്രാൻഡുകളും സമാനമായ വിലനിലവാരത്തിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്.അതിനാൽ രുചി, ഗുണനിലവാരം, വിപണിയിലെ ലഭ്യത, ഉപഭോക്താക്കളുടെ പ്രതികരണം എന്നിവയായിരിക്കും ജോയ്ലാൻഡിന്റെ മുന്നേറ്റത്തിൽ നിർണായകമാകുക. തമിഴ്നാട്ടിൽ തുടക്കമിട്ട ഉൽപന്നത്തിന്റെ സാന്നിധ്യം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് റിലയൻസിന്റെ ലക്ഷ്യം.
Adjust Story Font
16

