Quantcast

ബുള്ളറ്റ് പ്രൂഫ് കൂട്ടിൽ ബിഗ് ബി; വധഭീഷണിക്ക് നടുവിലും ഞായറാഴ്ച പതിവ് തെറ്റിക്കാതെ അമിതാഭ് ബച്ചൻ!

ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബാക്രമണം നടത്തുമെന്ന് അറിയിച്ച് ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു

MediaOne Logo
ബുള്ളറ്റ് പ്രൂഫ് കൂട്ടിൽ ബിഗ് ബി; വധഭീഷണിക്ക് നടുവിലും ഞായറാഴ്ച പതിവ് തെറ്റിക്കാതെ അമിതാഭ് ബച്ചൻ!
X

മുംബൈ: മുംബൈ ജുഹുവിലെ തൻ്റെ വസതിയായ 'ജൽസ'യ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാൻ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ഇത്തവണ എത്തിയത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൂട്ടിനുള്ളിൽ. പതിറ്റാണ്ടുകളായി ഞായറാഴ്ചകളിൽ മുടങ്ങാതെ തുടരുന്ന ഈ കൂടിക്കാഴ്ചയിൽ മുൻപൊന്നുമില്ലാത്ത വിധത്തിലുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

രണ്ടാഴ്ച മുമ്പ് ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പുണ്ടായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബാക്രമണം നടത്തുമെന്ന് അറിയിച്ച് ഇമെയിൽ സന്ദേശവും ലഭിച്ചു. ഇതിന് പിന്നാലെയാണ് പൊലീസും സുരക്ഷാ ഏജൻസികളും സുരക്ഷ ശക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്കായി വസതിക്ക് മുന്നിൽ ഉയർന്ന പ്ലാറ്റ്‌ഫോമിൽ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എൻക്ലോഷർ തയ്യാറാക്കി. ഇതിനുള്ളിൽ കയറി നിന്നാണ് അമിതാഭ് ബച്ചൻ ആരാധകർക്ക് നേരെ കൈവീശുകയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുകയും ചെയ്തത്.

സാധാരണയായി ചക്രങ്ങൾ ഘടിപ്പിച്ച പ്രത്യേക പീഠത്തിൽ നിന്നാണ് അദ്ദേഹം ആരാധകരെ കാണാറുള്ളത്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരുന്നെങ്കിലും മകൻ അഭിഷേക് ബച്ചനും സമീപത്തുണ്ടായിരുന്നു. വസതിക്ക് പുറത്ത് മുംബൈ പൊലീസിന്റെ കനത്ത കാവലും ബാരിക്കേഡുകളും ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രിയതാരത്തെ ഒരുനോക്ക് കാണാൻ വൻ ആരാധകവൃന്ദമാണ് ജൽസയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. ഭീഷണികളുടെ പശ്ചാത്തലത്തിലും വർഷങ്ങളായുള്ള തന്റെ ഈ ഞായറാഴ്ച ആചാരം മുടക്കാൻ അമിതാഭ് ബച്ചൻ തയ്യാറായിരുന്നില്ല.

മുംബൈ മേയർ റിതു താവ്ഡെയുടെ ഓഫീസ്, അമിതാഭ് ബച്ചന്റെ വീട്, ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീത കച്ചേരി നടക്കുന്ന വേദി എന്നിവിടങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഒക്ടോബർ 23-ന് ലഭിച്ച ഇമെയിൽ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇമെയിലിൽ പരാമർശിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായും ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി.

TAGS :

Next Story