യുപി ഝാൻസിയിലെ വോട്ടർ പട്ടികയിൽ അമിതാഭ് ബച്ചന്റെ പേരും; വയസിലും വ്യത്യാസം; പ്രദേശത്ത് താരത്തെ ഒരിക്കലും കണ്ടിട്ടില്ലെന്ന് നാട്ടുകാർ
അമിതാഭ് ബച്ചൻ ഇവിടെ 2003ൽ വോട്ട് ചെയ്തെന്നാണ് രേഖകളിലുള്ളത്.

ലഖ്നൗ: വോട്ട് കൊള്ള ആരോപണങ്ങൾക്കിടെ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് യുപിയിലെ ഝാൻസിയിൽ വോട്ട്. സംസ്ഥാനത്ത് നടന്നുവരുന്ന എസ്ഐആർ നടപടികൾക്കിടെയാണ് താരത്തിന്റെ പേര് ഝാൻസിയിലെ വോട്ടർ പട്ടികയിലും കണ്ടെത്തിയത്. അമിതാഭ് ബച്ചനെ കൂടാതെ, അന്തരിച്ച പിതാവ് ഹരിവംശ് റായ് ബച്ചന്റെ പേരും പട്ടികയിലുണ്ട്. വീട്ടുനമ്പർ- 54 എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്.
ഝാൻസിയിലെ കാച്ചിയാന പ്രദേശത്തെ വോട്ടർ പട്ടികയിലാണ് ബച്ചനും പിതാവും ഇടംപിടിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ ഇവിടെ 2003ൽ വോട്ട് ചെയ്തെന്നാണ് രേഖകളിലുള്ളത്. എന്നാൽ, നടനെ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും പ്രദേശത്ത് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. താരം ഒരിക്കലും തങ്ങളുടെ കോളനിയിൽ താമസിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
കാച്ചിയാനയിലെ വോട്ടർ പട്ടികയിൽ ഹരിവംശ് റായ് ബച്ചന്റെ മകനായി ഉൾപ്പെടുത്തിയിരിക്കുന്ന അമിതാഭ് ബച്ചന്റെ പ്രായം 76ഉം വീട്ടു നമ്പർ 54ഉം ആണ്. ഇത് നാട്ടുകാർക്കിടയിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ 86 വയസുള്ള നടന് 22 വർഷം മുമ്പ് എങ്ങനെ 76 വയസ് ഉണ്ടാകും എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.
പട്ടികയിലെ ഒന്നാം ഭാഗത്താണ് താരത്തിന്റെ പേരുള്ളത്. ഇതേ മേൽവിലാസത്തിൽ സുരേന്ദ്രകുമാർ (76), മകൻ രാജേഷ് കുമാർ എന്നിവരുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. 543, 543 എന്നീ സീരിയൽ നമ്പരുകളിലാണ് ഇവരുടെ പേരുള്ളത്.
എന്നാൽ ഈ നമ്പരിലുള്ള വീട്ടിൽ ആരും താമസമില്ലെന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഒരു ക്ഷേത്രമാണ് ഈ സ്ഥലത്തുള്ളത്. അമിതാഭ് ബച്ചൻ എന്ന പേരിൽ ആരും അവിടെ താമസിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അദ്ദേഹത്തെ ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും മാത്രമേ കണ്ടിട്ടുള്ളൂവെന്നും അവർ പറയുന്നു.
മാത്രമല്ല, 2003ൽ വോട്ട് ചെയ്തിട്ടും വോട്ടർ പട്ടികയിൽ നിന്ന് സ്വന്തം പേരുകൾ നഷ്ടപ്പെട്ടതായും പലരും പരാതിപ്പെട്ടിട്ടുണ്ട്. ഇതോടെ, പഴയ വോട്ടർ പട്ടികകളുടെയും എസ്ഐആർ പ്രക്രിയകളുടേയും കൃത്യതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്.
Adjust Story Font
16

