'അലോസരപ്പെടുത്തുകയും വെറുപ്പുളവാക്കുകയും ചെയ്യുന്നു'; ധർമേന്ദ്രയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവാർത്തകളിൽ വിമർശനവുമായി അമിതാഭ് ബച്ചൻ
ധർമേന്ദ്രയുടെ മകൾ സണ്ണി ഡിയോൾ പാപ്പരാസികളെ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബച്ചന്റെ പ്രതികരണം

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ധർമേന്ദ്രയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. സത്യാവസ്ഥ മനസ്സിലാക്കാതെ പ്രചരിക്കപ്പെട്ട പാപ്പരാസികളുടെ വാർത്ത അലോസരപ്പെടുത്തിയെന്നും വെറുപ്പുളവാക്കുന്നതാണെന്നുമായിരുന്നു ബച്ചന്റെ വിമർശനം. ധർമേന്ദ്രയുടെ മകൾ സണ്ണി ഡിയോൾ പാപ്പരാസികളെ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബച്ചന്റെ പ്രതികരണം.
'ധാർമികത തീരെയില്ലാത്ത പ്രവർത്തി, അലോസരപ്പെടുത്തുകയും വെറുപ്പുളവാക്കുകയും ചെയ്തു'. വെള്ളിയാഴ്ച തന്റെ എക്സ് അകൗണ്ടിൽ ബച്ചൻ കുറിച്ചു.
ധർമേന്ദ്രയെ പ്രവേശിപ്പിച്ച ആശുപത്രി മുറിക്ക് പുറത്ത് അതീവദുഖത്തിലായിരുന്ന കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലയാണ് ബച്ചന്റെ പോസ്റ്റ്.
അതേസമയം, പോസ്റ്റിൽ ഏതെങ്കിലും സംഭവത്തെയോ ആളുകളെയോ പ്രത്യേകം പരാമർശിച്ചിട്ടില്ല. എങ്കിലും, സമീപകാലത്ത് ധർമേന്ദ്രയുടെ കുടുംബവുമായി ബന്ധപ്പെട്ട് പാപ്പരാസികൾ നിരന്തരമായി പുറത്തുവിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയാണ് ബച്ചന്റെ പ്രതികരണമെന്ന നിലക്കാണ് സോഷ്യൽമീഡിയ പോസ്റ്റിനെ ഏറ്റെടുത്തിരിക്കുന്നത്. മാധ്യമധർമം പാലിക്കാതെയുള്ള പാപ്പരാസികളുടെ വാർത്തകൾക്കെതിരിൽ നിരവധിയാളുകളാണ് പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ഒരുമിച്ചുകൂടിയിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ ധർമേന്ദ്രയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നാലു ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി ഹേമ മാലിനിയാണ് ഭാര്യ. നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ, അജീത, വിജേത എന്നിവരാണ് മക്കൾ. 2012ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
Adjust Story Font
16

