Quantcast

എന്നും മണിക്കൂറുകളോളം അപ്രഖ്യാപിത പവർകട്ട്; യുപിയിൽ ഉദ്യോ​ഗസ്ഥരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച് കോൺ​ഗ്രസ് എംഎൽഎ

വൈദ്യുതി വകുപ്പിലെ ചീഫ് എഞ്ചിനീയർ അടക്കമുള്ളവരുടെ വീട്ടിലെ വൈദ്യുതിയാണ് എംഎൽഎ വിച്ഛേദിച്ചത്.

MediaOne Logo

Web Desk

  • Published:

    25 Dec 2025 8:03 AM IST

Angered By Outages, Congress MLA Cuts Power To Officials Houses In UP
X

ലഖ്നൗ: എന്നും കറന്റ് പോക്ക്, അതും അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ. ഇങ്ങനൊരു അവസ്ഥയുണ്ടായാൽ ആർക്കാണെങ്കിലും ദേഷ്യം വരും. ആദ്യമൊക്കെ ഫോണിൽ വിളിച്ച് പരാതി പറയും, എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ നേരിട്ട് വൈദ്യുതി വകുപ്പ് ഓഫീസിലെത്തി പ്രതിഷേധം അറിയിക്കും. എന്നാൽ അതുകൊണ്ടും കാര്യമുണ്ടായില്ലെങ്കിൽ എന്ത് ചെയ്യും? നാട്ടിലെ പവർകട്ട് പ്രതിസന്ധിക്കെതിരെ യുപിയിലെ ഒരു കോൺ​ഗ്രസ് എംഎൽഎ വ്യത്യസ്ത രീതിയിലാണ് പ്രതിഷേധിച്ചത്.

ഹരിദ്വാർ ജില്ലയിലെ ജബ്രെര എംഎൽഎ വിരേന്ദ്ര ജാട്ടീൽ ആണ് ഉദ്യോ​ഗസ്ഥർക്ക് ശക്തമായ താക്കീത് നൽകിയത്. വൈദ്യുതി വകുപ്പിലെ മൂന്ന് ഉദ്യോ​ഗസ്ഥരുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചായിരുന്നു ജാട്ടീൽ പ്രതിഷേധം അറിയിച്ചത്. മൂന്ന് പേരുടെയും വീടിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കയറിയാണ് ജാട്ടീൽ ഇത് ചെയ്തത്. വൈദ്യുതി വകുപ്പിലെ ചീഫ് എഞ്ചിനീയർ അടക്കമുള്ളവരുടെ വീട്ടിലെ വൈദ്യുതിയാണ് എംഎൽഎ വിച്ഛേദിച്ചത്.

ചൊവ്വാഴ്ച അണികൾക്കൊപ്പം ഏണിയും ആവശ്യമായ ഉപകരണങ്ങളുമായെത്തിയ ജാട്ടീൽ വൈദ്യുതി പോസ്റ്റിൽ കയറി ലൈൻ മുറിച്ചുമാറ്റുകയായിരുന്നു. ആദ്യം ബോട്ട് ക്ലബ്ലിലുള്ള സൂപ്രണ്ടിങ് എഞ്ചിനീയർ വിവേക് രജ്പുതിന്റെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചത്. ശേഷം, നേരെ പോയത് ചീഫ് എ‍ഞ്ചിനീയർ അനുപം സിങ്, എക്സിക്യുട്ടീവ് എ‍ഞ്ചിനീയർ വിനോദ് പാണ്ഡേ എന്നിവരുടെ വീടുകളിലേക്ക്.

ദിവസവും അ‍ഞ്ചെട്ട് മണിക്കൂർ വീതം അപ്രഖ്യാപിത പവർകട്ടാണ് പ്രദേശത്തുണ്ടാവുന്നതെന്ന് ജാട്ടീൽ പറഞ്ഞു. ഇത് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ബിസിനസ് തകർച്ചയ്ക്കടക്കം കാരണമാവുകയും ചെയ്യുന്നു. വിഷയം 10 ദിവസമായി വകുപ്പ് ഉദ്യോ​ഗസ്ഥരോട് ഉന്നയിച്ചിരുന്നെങ്കിലും ആരും ​ഗൗനിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂർ നേരം കറന്റ് ഇല്ലാതിരുന്നപ്പോൾ ഉദ്യോ​ഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. അപ്പോൾ എട്ട് മണിക്കൂർ വരെ കറന്റില്ലാതിരിക്കുന്ന പൊതുജനത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വൈദ്യുതി വിച്ഛേദിച്ചതിൽ എംഎൽഎയ്ക്കെതിരെ ഉദ്യോ​ഗസ്ഥർ റൂർക്കീ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശരിയായ രീതിയിൽ വൈദ്യുതി ഷട്ട്ഡൗൺ ചെയ്യാതെയാണ് എംഎൽഎ ലൈനുകൾ വിച്ഛേദിച്ചതെന്നും ഇത് വലിയ അപകടത്തിന് കാരണമാകുമായിരുന്നെന്നും ഉദ്യോ​ഗസ്ഥർ പരാതിയിൽ ആരോപിക്കുന്നു. ഇത് നിയമലംഘനം മാത്രമല്ല, സർക്കാർ ജോലിയിലുള്ള നേരിട്ടുള്ള ഇടപെടലാണെന്നും പരാതിയിൽ പറയുന്നു.

TAGS :

Next Story