Quantcast

നാലാമതും പെൺകുഞ്ഞ്; യുപിയിൽ നവജാത ശിശുവിനെ നിലത്തെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റിൽ

പ്രതിക്ക് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളുണ്ട്. എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ പുനർവിവാഹം ചെയ്തു.

MediaOne Logo

Web Desk

  • Published:

    20 Sept 2024 5:19 PM IST

Angry Over Birth Of Fourth Daughter, UP Man Kills Newborn
X

ലഖ്നൗ: നാലാമതും പെൺകുഞ്ഞ് ജനിച്ചതിൻ്റെ ദേഷ്യത്തിൽ കുട്ടിയെ നിലത്തെറിഞ്ഞു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തിൽ പിതാവായ 30കാരൻ ബബ്‌ലു ദിവാകറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയായിരുന്നു സംഭവം. നാലാമത്തെ കുഞ്ഞ് പെണ്ണായതിൽ ദിവാകർ അസ്വസ്ഥനും രോഷാകുലനുമായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ വർമ പറഞ്ഞു.

ദിവാകറിന് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളുണ്ട്. എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ പുനർവിവാഹം ചെയ്തു. രണ്ടാമത്തെ ഭാര്യയുടെ ആദ്യ കുട്ടിയും പെണ്ണായിരുന്നു. കഴിഞ്ഞ മാസമാണ് ഇവർക്ക് വീണ്ടുമൊരു പെൺകുഞ്ഞ് ജനിച്ചതെന്നും എസ്എസ്പി വ്യക്തമാക്കി.

ഞായറാഴ്ച മാതാപിതാക്കളുമായുള്ള തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന ദിവാകർ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഭാര്യയുടെ മടിയിൽ നിന്ന് തട്ടിയെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച്ച മരിച്ചു.

സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 105 (കുറ്റകരമായ നരഹത്യ) വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story