Quantcast

കോൺഗ്രസ് നേതൃത്വം കുടുംബവാഴ്ചയ്‌ക്കൊപ്പം: അനിൽ ആന്റണി

"കോൺഗ്രസ് പാർട്ടിയെ താൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വം ഇപ്പോൾ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്"

MediaOne Logo

Web Desk

  • Updated:

    2023-04-06 13:50:18.0

Published:

6 April 2023 10:12 AM GMT

Anil Antony, AK Antonys Son, Joins BJP
X

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത് ഒരു കുടുംബത്തിന് വേണ്ടിയെന്ന് അനിൽ ആന്റണി. ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനിൽ. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ പറഞ്ഞു.

"ഇത് വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടിയുള്ള തീരുമാനമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യതാല്പര്യങ്ങളേക്കാൾ ചില വ്യക്തികളുടെ താല്പര്യങ്ങൾക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകിയത്. ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാട്.അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കാൻ ഉള്ള പദ്ധതിയും കാഴ്ചപ്പാടും ഉണ്ട്. ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ അമിത് ഷാ, ജെപി നദ്ധ എന്നിവർ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്. പ്രധാന മന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുക എന്നതാണ് ഒരു യുവ ഇന്ത്യൻ എന്ന നിലയിൽ തൻ്റെ കടമയെന്നാണ് കരുതുന്നത്.പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയ ബിജെപി നേതൃത്വത്തിന് നന്ദി"

"ബിബിസി വിഷയത്തിൽ താൻ നിലപാട് സ്വീകരിച്ചത് കോൺഗ്രസ് നിലപാട് രാജ്യതാല്പര്യത്തിന് എതിരാണ് എന്നുള്ളത് കൊണ്ടാണ്. രണ്ടു മൂന്ന് മാസം ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ പൗരനും സാമൂഹിക-സാമ്പത്തിക നീതി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് വേണ്ടി പ്രവർത്തിക്കാൻ ആണ് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് പറയാനാകില്ല. അത്തരം താല്പര്യങ്ങളില്ല. അതിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ആണ് മാതാപിതാക്കൾ പഠിപ്പിച്ചത്. നല്ല ഇന്ത്യൻ പൗരനായി ജീവിക്കാനും... അങ്ങനെയുള്ള ഈ സാഹചര്യത്തിൽ, നരേന്ദ്രമോദിയുടെ കൂടെ ചേർന്ന് പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് തോന്നിയാണ് ഈ തീരുമാനമെടുത്തത്.

പിതാവ് 52 കൊല്ലം രാഷ്ട്രീയത്തിലുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല. അദ്ദേഹം രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോൾ പോലും അത്തരം കാര്യങ്ങളൊന്നും തന്നെ ചർച്ച ചെയ്തിരുന്നില്ല. എ.കെ ആന്റണിയോട് എല്ലാവർക്കും ബഹുമാനമുണ്ട്. ഈയൊരു തീരുമാനം കൊണ്ട് അദ്ദേഹത്തിന്റെ യശസ്സിന് യാതൊരു കോട്ടവും സംഭവിക്കില്ല.കുടുംബത്തിലെ 4 അംഗങ്ങളും ഏറെ വ്യത്യസ്തതകൾ ഉള്ള ആളുകളാണ്. ഇത് കുടുംബ വിഷയം അല്ല, പിതാവിനോട് അങ്ങേയറ്റം ബഹുമാനം ഉണ്ട്.കോൺഗ്രസ് പാർട്ടിയെ താൻ വഞ്ചിച്ചു എന്ന് പറയാനാകില്ല, കോൺഗ്രസ് നേതൃത്വം ഇപ്പോൾ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്".

ജനിച്ചതും വളർന്നതും കോൺഗ്രസ് കാഴ്ചപ്പാടിലാണ്. പാർട്ടി രാജ്യതാല്പര്യങ്ങൾക്കെതിരായി മുന്നോട്ട് നീങ്ങുകയാണെന്ന് 2017ൽ പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത് മുതൽ മനസ്സിലായതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം പാർട്ടിക്ക് വേണ്ടി ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരേ ഒരു ക്യാംപെയ്ൻ ടോപിക്ക് റാഫേൽ അഴിമതിയായിരുന്നു.

എന്നാൽ നരേന്ദ്രമോദി അഴിമതിക്കാരനല്ല എന്ന് എല്ലാവർക്കുമറിയാം. ഇനിയത് അങ്ങനെയാണ് എന്ന് പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കുകയുമില്ല.എങ്കിലും അത് തന്നെ പാർട്ടി പറഞ്ഞു കൊണ്ടേയിരുന്നു. നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു പ്രധാന പ്രതിപക്ഷം. നെഹ്‌റു ടാറ്റയെയും ബിർളയെയും മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്ന അവരുടെ വാദം ആരും ചെവിക്കൊണ്ടില്ല. കാരണം, എല്ലാവർക്കും വാസ്തവമറിയാം. ഇപ്പോൾ 75 കൊല്ലം കഴിഞ്ഞു. ഇപ്പോഴും പറയുകയാണ് അദാനി, അംബാനി എന്നൊക്കെ. പഴയ കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പോലെയാണ് ഇപ്പോൾ കോൺഗ്രസ്. ഇങ്ങനെയൊരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് അസാധ്യമാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ രാജ്യതാല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരേയൊരു പാർട്ടിയാണ് ബിജെപി". അനിൽ പറഞ്ഞു.

TAGS :

Next Story