യുഎപിഎ ചുമത്തി ജയിലിലടച്ച സിഎഎ വിരുദ്ധ പ്രവർത്തകൻ ഖാലിദ് സെയ്ഫിക്ക് ഇടക്കാല ജാമ്യം
വിദ്യാർഥി നേതാക്കളും പ്രവർത്തകരുമായ ഉമർ ഖാലിദ്, ഖാലിദ് സെയ്‌ഫി, ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 18 പേരെ 2020 ൽ എഫ്‌ഐആർ 59/2020 പ്രകാരം അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകൻ ഖാലിദ് സെയ്ഫിക്ക് ഡൽഹിയിലെ കർക്കർദൂമ കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇളയ മകന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി 15 ദിവസത്തെ ജാമ്യം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹി വംശഹത്യയുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി കഴിഞ്ഞ അഞ്ച് വർഷമായി ഖാലിദ് സെയ്ഫി ജയിലിലാണ്. ഇതാദ്യമായാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിക്കുന്നത്.
2019-ൽ കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ 2020 ഫെബ്രുവരിയിൽ ശക്തി പ്രാപിച്ചപ്പോൾ ഡൽഹി അക്രമാസക്തമായ വർഗീയ കലാപങ്ങളിൽ മുങ്ങി. സമാധാനപരമായ കുത്തിയിരിപ്പ് സമരങ്ങളിലൂടെയും റോഡ് ഉപരോധങ്ങളിലൂടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്ഥാപിക്കുന്നതിനായി നടന്ന ഊർജ്ജസ്വലമായ അവകാശവാദ പ്രതിഷേധങ്ങൾ നേരെ ആക്രമങ്ങളും ഭരണകൂട വേട്ടയുമുണ്ടായി.
തുടർന്ന് പൗരത്വ സമയത്തിൽ പങ്കെടുത്ത വിദ്യാർഥികൾ ഉൾപ്പടെയുള്ള ആളുകൾക്കെതിരെ നിരവധി കേസുകളെടുത്ത് ജയിലിലടച്ചു. വിദ്യാർഥി നേതാക്കളും പ്രവർത്തകരുമായ ഉമർ ഖാലിദ്, ഖാലിദ് സെയ്‌ഫി, ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 18 പേരെ 2020 ൽ എഫ്‌ഐആർ 59/2020 പ്രകാരം അറസ്റ്റ് ചെയ്തു. കേസെടുത്ത് ജയിലിൽ അടച്ചിട്ടും ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിക്കുകയോ വിചാരണ ആരംഭിക്കുകയോ ചെയ്തിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷകൾ ഏകദേശം അഞ്ച് വർഷമായി ഡൽഹി കോടതികളിൽ മരവിച്ചിരിക്കുകയാണ്.
Adjust Story Font
16

