മതിയായ സുരക്ഷയുണ്ടോ?; രാജ്യത്തെ സ്‌കൂളുകളിൽ 'എപിഎഎആർ ഐഡി' നിർബന്ധമാക്കുന്നതിൽ ആശങ്കയുമായി രക്ഷിതാക്കൾ
വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എപിഎഎആർ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.

ന്യൂഡല്‍ഹി: സ്കൂൾ വിദ്യാർഥികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (എപിഎഎആർ) നിര്‍ബന്ധമാക്കുന്നതില്‍ ആശങ്ക പങ്കുവെച്ച് രക്ഷിതാക്കള്‍.
വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എപിഎഎആർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരം.
മതിയായ സുരക്ഷാ സംവിധാനങ്ങളോ ശക്തമായ ഡാറ്റ സംരക്ഷണ നടപടികളോ ഇല്ലാതെ, പ്രായപൂർത്തിയാകാത്തവരുടെ വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റ ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അപകടസാധ്യതകളുണ്ടെന്നാണ് ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.
അപാര്‍ ഐഡി നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും അപാര്‍ ഐഡിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സിബിഎസ്ഇ സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഉത്തർപ്രദേശിൽ, സ്കൂൾ പ്രവേശന രേഖകളിലെ പൊരുത്തക്കേടുകൾ കണ്ടെത്താൻ അപാര്‍ ഐഡി ഉപയോഗിക്കുന്നുണ്ടെന്നും, വലിയ തിരിമറികള്‍ കണ്ടെത്തിയാൽ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. എപിഎഎആർ എൻറോൾമെന്റ് പ്രകാരം വിദ്യാർത്ഥികളെ ചേർക്കാത്ത മദ്രസകൾക്ക് അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാകും അപാർ നമ്പർ. ഹൈസ്കൂൾ പഠനസമയത്തെ വിദ്യാർഥികളുടെ വിവരശേഖരണത്തിനായാണ് ഓൺലൈൻ 'അക്കാദമിക് ബാങ്ക്' കൊണ്ടുവരുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ വിദ്യാർഥിക്കും 12 അക്ക തിരിച്ചറിയൽ നമ്പർ നൽകും. കുട്ടികളുടെ ആധാർ കാർഡ് നമ്പറിലെ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ചാകും അപാർ നമ്പർ സൃഷ്ടിക്കുക.
അതേസമയം സ്കൂൾ രേഖകളിലെ പേരുകളും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഡാറ്റാബേസും തമ്മിലുള്ള അക്ഷരത്തെറ്റ് കാരണം വിദ്യാർത്ഥികളുടെ ആധാർ അപാറുമായി ബന്ധിപ്പിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നാണ് ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
Adjust Story Font
16

