ബിഹാറിൽ മത്സരിക്കുമെന്ന് എഎപി; ആർജെഡിക്കും കോൺഗ്രസിനും പാരയാകുമോ പ്രഖ്യാപനം?
ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. 243 നിയമസഭാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും എഎപി കണ്‍വീനര്‍

പറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർജെഡിയും കോൺഗ്രസും അടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് 'ക്ഷീണമായി' ബിഹാറിൽ എഎപിയുടെ പ്രഖ്യാപനം.സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും സഖ്യങ്ങളില്ലാതെ മത്സരിക്കുമെന്ന് എഎപി കൺവീനർ സൗരഭ് ഭരദ്വാജ് പറഞ്ഞു.
'' ബിഹാർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. 243 നിയമസഭാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തും. ഞങ്ങൾ ഒരു സഖ്യത്തിലേക്കും ഇല്ല''- അദ്ദേഹം വ്യക്തമാക്കി. ബിഹാറിൽ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചതായി ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി മനോരഞ്ജൻ സിംഗ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സൗരഭ് ഭരദ്വാജ് ഒരാളുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയത്.
ആം ആദ്മി പാർട്ടിയുടെ ഭരണകാലത്ത് ദേശീയ തലസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ബിഹാറിലെ ജനങ്ങൾ കണ്ടിട്ടുണ്ട്. ബിഹാറിലും സമാനമായ വികസനം ഞങ്ങൾ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മനോരഞ്ജൻ സിങ്ങിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആം ആദ്മി പാർട്ടി ബഹുജന സമ്പർക്ക പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.യുവാക്കളെ ലക്ഷ്യമിട്ടും കുടുംബങ്ങളിലേക്കിറങ്ങിച്ചെന്നുമൊക്കെയാണ് ക്യാമ്പയിനുകള്‍. രാകേഷ് യാദവിനാണ് ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതല.
243 സീറ്റുകളിലേക്കും പാർട്ടി ഒരുക്കങ്ങൾ ആരംഭിച്ചതായും ബൂത്ത് ലെവൽ കമ്മിറ്റികൾ ഉടൻ രൂപീകരിക്കുമെന്നും രാകേഷ് യാദവ് പറഞ്ഞു. അതേസമയം മത്സരിക്കാനുള്ള എഎപിയുടെ തീരുമാനത്തോട് കോണ്‍ഗ്രസും ആര്‍ജെഡിയും പ്രതികരിച്ചിട്ടില്ല. ഇന്‍ഡ്യ സഖ്യത്തിനൊപ്പമില്ലെന്ന് നേരത്തെ തന്നെ എഎപി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയും ഇത്തവണ കളത്തിലുണ്ട്.
Adjust Story Font
16

