Quantcast

സായുധ പോരാട്ടം ഇന്ത്യയിൽ പരാജയപ്പെട്ടു, മാവോയിസ്റ്റുകൾ ആയുധമുപേക്ഷിക്കണം: മല്ലൊജുല വേണുഗോപാൽ റാവു

തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സോനു എന്ന വേണു​ഗോപാൽ റാവു ഈ വർഷം ഒക്ടോബറിലാണ് കീഴടങ്ങിയത്

MediaOne Logo

Web Desk

  • Published:

    4 Dec 2025 11:06 AM IST

സായുധ പോരാട്ടം ഇന്ത്യയിൽ പരാജയപ്പെട്ടു, മാവോയിസ്റ്റുകൾ ആയുധമുപേക്ഷിക്കണം: മല്ലൊജുല വേണുഗോപാൽ റാവു
X

ന്യൂഡൽഹി: സായുധ പോരാട്ടം ഇന്ത്യയിൽ പരാജയപ്പെട്ടെന്ന് മുൻ മാവോയിസ്റ്റ് നേതാവ് സോനു എന്ന മല്ലൊജുല വേണുഗോപാൽ റാവു. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗമായിരുന്ന വേണുഗോപാൽ റാവു ഈ വർഷം ഒക്ടോബറിലാണ് കീഴടങ്ങിയത്. 1980 മുതൽ ഒളിവിൽ കഴിയുന്ന സോനു കിഷൻജി എന്ന മല്ലൊജുല കൊടേശ്വര റാവുവിന്റെ ഇളയ സഹോദരനാണ്. കീഴടങ്ങുമ്പോൾ സോനുവിന്റെ തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മേയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവറാവു സായുധ പോരാട്ടം താത്കാലികമായെങ്കിലും അവസാനിപ്പിക്കലാണ് ഏക മാർഗമെന്ന നിലപാടിലേക്ക് എത്തിയിരുന്നുവെന്നും ഇന്ത്യൻ എക്‌സ് പ്രസിന് നൽകിയ അഭിമുഖത്തിൽ സോനു പറഞ്ഞു.

വിദ്യാർഥി സംഘടനയായ റാഡിക്കൽ സ്റ്റുഡന്റ്‌സ് യൂണിയൻ (ആർഎസ്‌യു)വിലൂടെയാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലെത്തിയതെന്ന് സോനു പറഞ്ഞു. പിതാവ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. മാതാവ് പുരോഗമന ചിന്തയുള്ള ആളായിരുന്നു. തന്റെ ജ്യേഷ്ഠൻ ആർഎസ്‌യു നേതാവായിരുന്നു. തെലങ്കാനയിലെ ഫ്യൂഡൽ സംവിധാനവും തന്നെ മാവോയിസത്തില് എത്തിക്കുന്നതിന് കാരണമായത്. 1980 ലാണ് സിപിഐ (മാവോയിസ്റ്റ്) അംഗത്വം ലഭിച്ചതെന്നും സോനു പറഞ്ഞു.

അരനൂറ്റാണ്ട് കാലത്തോളം വനത്തിനുള്ളിലായിരുന്നു. അതെന്റെ ജീവിതത്തിലെ സുവർണകാലമായിരുന്നു. 'അപരിഷ്‌കൃതർ' എന്ന കരുതപ്പെടുന്ന ആളുകളുടെ ജീവിതവുമായി തന്റെ ജീവിതം ഇഴചേർന്നു കിടുന്നു. അവർക്കെതിരെ വനംവകുപ്പിന്റെ ക്രൂരതകൾ കഠിനമായിരുന്നു. അവർക്ക് ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഉണ്ടായിരുന്നില്ല. വനവിഭവങ്ങളുടെ യഥാർഥ അവകാശികൾ ആദിവാസികളാണെന്നാണ് മാവോയിസ്റ്റുകൾ വിശ്വസിക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെ ശാക്തീകരണത്തിനുള്ള സ്റ്റാർട്ടിങ് പോയിന്റായി പാർട്ടി കണ്ടത് ആ പ്രദേശങ്ങളായിരുന്നു. അത്തരമൊരു പ്രദേശത്ത് പ്രവർത്തിക്കുന്നത് വലിയ സന്തോഷവും സമാധാനവും നൽകിയിരുന്നു.

ഒളിവുജീവിതത്തിലെ കഷ്ടപ്പാടുകൾ കാരണം ഒരിക്കലും കീഴടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പ്രത്യയശാസ്ത്രത്തെയും പ്രവർത്തനരീതിയെയും സമ്പന്നമാക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല. 1980-കളിലെ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ സുപ്രധാനമായ മാറ്റങ്ങൾ സംഭവിച്ചു.

തുടർച്ചയായ നഷ്ടങ്ങൾ നേരിട്ടപ്പോഴും, പ്രസ്ഥാനം ദുർബലമാവുകയും പ്രതീക്ഷകളും വിശ്വാസങ്ങളും മങ്ങുകയും ചെയ്തപ്പോൾ, സായുധ സമരത്തിൽ കടുംപിടിത്തം തുടരുന്നത് വിവേകശൂന്യമായിരിക്കും എന്ന് തങ്ങൾ തിരിച്ചറിഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് ബസവരാജ് (ബസവരാജു) സായുധ സമരം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു. അത് നടപ്പിലാക്കുന്നതിനിടയിൽ അദ്ദേഹം കൊല്ലപ്പെട്ടു. തുടർന്നാണ് കൂട്ടായ തീരുമാനത്തിലൂടെ കീഴടങ്ങലിലേക്ക് എത്തിയതെന്നും സോനു പറഞ്ഞു.

വർഷങ്ങളായി രാജ്യത്തെ ഒരു സംസ്ഥാനത്തും പാർട്ടിക്ക് വളർച്ചയില്ല. മാവോയിസ്റ്റ് കേന്ദ്രമായിരുന്ന ദണ്ഡകാരണ്യത്തിൽപോലും 2020 മുതൽ പാർട്ടി പിന്നോട്ട് പോയി. മറ്റൊരു രൂപത്തിൽ സംഘടന തുടരുന്നതിനായി ബാക്കിയുള്ളവരെ സംരക്ഷിച്ചു നിർത്തേണ്ടത് ആവശ്യമായിരുന്നു. വ്യക്തിപരമായ സുരക്ഷ ഒരിക്കലും തന്റെ ആശങ്കയായിരുന്നില്ല. ഇന്ത്യൻ മാവോയിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധിയിലാണ്. അതിന് ഇനി മുന്നോട്ട് പോകാനാവില്ല. നിലവിൽ ബാക്കിയുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതാണ് വിപ്ലവ പ്രസ്ഥാനത്തെ നിലനിർത്താനുള്ള വഴിയെന്ന് മനസ്സിലാക്കിയാണ് ഇപ്പോഴത്തെ തീരുമാനമെടുത്തതെന്നും സോനു വ്യക്തമാക്കി.

TAGS :

Next Story