നദിയിൽ പരിശീലനത്തിനിടെ റാഫ്റ്റ് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം
തിങ്കളാഴ്ച നടന്ന വാർഷിക പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.

ഗാങ്ടോക്ക്: നദിയിൽ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയിൽ ടീസ്റ്റ നദിയിൽ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. 191 ആർട്ടിലറി റെജിമെന്റിലെ ലാൻസ് നായ്ക് രാജശേഖർ ആണ് മരിച്ചത്.
തിങ്കളാഴ്ച നടന്ന വാർഷിക റാഫ്റ്റിങ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. ബർദാങ്ങിനും രംഗ്‌പോ മൈനിങ്ങിനും ഇടയിലായിരുന്നു പരിശീലനം. പരിശീലനത്തിനിടെ റാഫ്റ്റ് തകർന്നുകിടന്ന പാലത്തിൽ ഇടിച്ച് മറിയുകയും ലാൻസ് നായ്ക് രാജശേഖർ ഒഴുക്കിൽപ്പെടുകയുമായിരുന്നു.
ടീസ്റ്റ റെസ്‌ക്യൂ സെന്ററിലെ സംഘത്തോടൊപ്പം സൈന്യം ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പശ്ചിമബംഗാളിലെ കലിംപോങ് ജില്ലയിലെ താർഖോലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 2023ലെ പ്രളയത്തിലാണ് ഇരുമ്പുപാലം തകർന്നത്.
Adjust Story Font
16

