Quantcast

"അറസ്റ്റ് കൊണ്ട് കാര്യമില്ല, ജാമ്യം കിട്ടിയാൽ എന്തും സംഭവിക്കാം"; ഗുരുഗ്രാം വാഹനാപകടത്തിൽ പ്രതികൾക്കെതിരെ ബൈക്കർ സിയ

സംഭവം നടക്കുമ്പോൾ കാറിൽ പ്രതികളെ കൂടാതെ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവരെയും അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് സിയ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Sept 2026 10:51 AM IST

അറസ്റ്റ് കൊണ്ട് കാര്യമില്ല, ജാമ്യം കിട്ടിയാൽ എന്തും സംഭവിക്കാം; ഗുരുഗ്രാം വാഹനാപകടത്തിൽ പ്രതികൾക്കെതിരെ ബൈക്കർ സിയ
X

ഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വാഹനാപകടമുണ്ടാക്കി കടന്നുകളഞ്ഞ കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പ്രതികരണവുമായി അപടത്തിൽപ്പെട്ട ബൈക്ക് റൈഡറായ യുവതി. കല്ല്യാൺ ബൈൻസ്ല, ബന്ധു ലവ്നീഷ് ബൈൻസ്ല എന്നിവരെ അറസ്റ്റ് ചെയ്തതിൽ മാത്രം തനിക്ക് തൃപ്തിയില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ബൈക്കർ ശിവാനി ചൗഹാൻ (സിയ) ആവശ്യപ്പെട്ടു.

തനിക്കെതിരെ ഉണ്ടായത് വധശ്രമമാണ്. അതിനുള്ള വകുപ്പുകൾ എഫ്ഐആറിൽ ചുമത്തിയിട്ടുണ്ട്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. അവർക്ക് ജാമ്യം ലഭിച്ചാൽ എന്ത് സംഭവിക്കും എന്നതിൽ ആശങ്കയുണ്ടെന്നും സിയ പറഞ്ഞു.

സംഭവം നടക്കുമ്പോൾ കാറിൽ പ്രതികളെ കൂടാതെ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവരെയും അറസ്റ്റ് ചെയ്യേണ്ടതുണ്ട്. തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റിന് വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും കടുത്ത ശിക്ഷ നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും സിയ കൂട്ടിച്ചേർത്തു.

എന്നാൽ സമൂഹമാധ്യമങ്ങളിൽ റീച്ച് കിട്ടാൻ സിയ ഈ വിഷയം ദുരുപയോഗം ചെയ്യുകയാണെന്നാണ് പ്രതിഭാഗത്തിൻ്റെ ആരോപണം. ആരോപണത്തെ സിയ തള്ളിക്കളഞ്ഞു. 2022ൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥിയായി മത്സരിച്ച ആളാണെന്നും ജനങ്ങൾക്ക് തന്നെ നേരത്തെ അറിയാമെന്നും സിയ വ്യക്തമാക്കി.

പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ അവരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സിയയുടെ അഭിഭാഷകൻ അഭിഷേക് ചൗഹാൻ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും അവർ തന്നെ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതായും സിയ നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഞായറാഴ്ച ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ സ്പോർട്സ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിയയെ മാരുതി സുസുക്കി സിയാസ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സിയ മുന്നൂറ് മീറ്ററോളം റോഡിലൂടെ നിരങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കാറിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പ്രതികൾ വാഹനം നിർത്താതെ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് രാജസ്ഥാനിലെ ദൗസയിൽ വെച്ചാണ് ഹരിയാന പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

TAGS :

Next Story