Quantcast

വിവാദ പരാമര്‍ശത്തിന് പിന്നാലെ കെജ്‍രിവാള്‍ ഗുജറാത്തിലേക്ക്

ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ഇന്ന് മുതൽ 3 ദിവസം ഗുജറാത്തിൽ പ്രചരണത്തിനായി എത്തും.

MediaOne Logo

Web Desk

  • Published:

    28 Oct 2022 1:12 AM GMT

വിവാദ പരാമര്‍ശത്തിന് പിന്നാലെ കെജ്‍രിവാള്‍ ഗുജറാത്തിലേക്ക്
X

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടി. ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ഇന്ന് മുതൽ 3 ദിവസം ഗുജറാത്തിൽ പ്രചരണത്തിനായി എത്തും. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന പ്രഖ്യാപനം വിവാദമായതിന് പിന്നാലെയാണ് ഗുജറാത്തിലേക്ക് കെജ്‌രിവാൾ എത്തുന്നത്.

ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തിന് ഐശ്വര്യം കിട്ടാൻ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താൻ കെജ്‌രിവാൾ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ബി.ജെ.പിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഗുജറാത്തിലെ ഹിന്ദു വോട്ടുകൾ ആം ആദ്മി പാർട്ടിയിലേക്ക് ചേർക്കുക എന്നതാണ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിന്‍റെ ലക്ഷ്യം. രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും ഗുജറാത്തിൽ ഇന്ന് മുതൽ പ്രചാരണത്തിന് എത്തുന്ന കെജ്‌രിവാൾ നിലപാട് ആവർത്തിച്ചേക്കും.

ഡൽഹി മോഡൽ ഉയർത്തിക്കാട്ടി നടത്തുന്ന പ്രചാരണത്തിന് ഒപ്പം സ്വീകരിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാട് പാർട്ടിക്ക് വോട്ട് നഷ്ടപ്പെടാനും കാരണമാകും എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ആറ് പൊതുപരിപാടികളിലാണ് ഗുജറാത്തിൽ എത്തുന്ന ഭഗവന്ത് മന്നും അരവിന്ദ് കെജ്‌രിവാളും പങ്കെടുക്കുക. ഇസുദൻ ഗദ്ധാവിയുടെ നേതൃത്വത്തിൽ 182 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റാലിയിൽ പങ്കെടുക്കുന്ന ഇരു മുഖ്യമന്ത്രിമാരും പാർട്ടിക്കായി ഗൃഹ സന്ദർശന പരിപാടികളും നടത്തും. പഞ്ച്മഹൽ, ബനസ്കന്ത, നവസാരി, ബഹറൂച്ച്, രാജ്കോട്ട് എന്നീ ജില്ലകളിലാണ് ആം ആദ്മി പാർട്ടി റാലികൾ സംഘടിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story